മലമ്പണ്ടാരങ്ങൾ പാചകമേഖലയിലേക്ക്

Tuesday 28 June 2022 12:05 AM IST

പത്തനംതിട്ട: ജില്ലയിലെ മലമ്പണ്ടാര ഗോത്രകുടുംബങ്ങൾക്കായി നടപ്പിലാക്കുന്ന മലമ്പണ്ടാരം സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായ പാചക വൈദഗ്ദ്ധ്യം, കൊട്ട നിർമ്മാണ പരിശീലനങ്ങൾക്ക് മൂഴിയാർ സായിപ്പൻകുഴി ഊരിൽ തുടക്കമായി. വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും നൽകുന്ന ഭക്ഷ്യകിറ്റിലെ ധാന്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ പൂർണ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സ്വന്തമായി പാചകം ചെയ്യുന്നതിന് പട്ടികവർഗ വികസന വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശീലനം. മുള, ചൂരൽ തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണെന്നതിനാൽ ഗോത്ര കുടുംബങ്ങൾക്ക് അധികവരുമാനം കണ്ടെത്തുന്നതിന് സാധിക്കും. കുടുംബശ്രീയുടെ വിവിധ മാർക്കറ്റിംഗ് പിന്തുണയും ഗവി ടൂറിസവുമായി ബന്ധപെട്ട് വിപണന സൗകര്യവുമൊരുക്കും.
കരകൗശല, പാചക വിദഗ്ദ്ധരോടൊപ്പം ഗോത്ര വിഭാഗത്തിലെ അംഗങ്ങളെ കൂടെ ഫാക്കൽറ്റിയായി ഉൾപ്പെടുത്തിയുള്ള സാമൂഹ്യ പഠനകളരിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഗോത്ര കുടുംബത്തിലെ മുതിർന്ന അംഗം ലീലാമ്മയാണ് പരിശീലനത്തിന് ആദ്യഘട്ടത്തിൽ നേതൃത്വം നൽകുന്നത്. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീലജ അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രോഗ്രാം മാനേജർ (ട്രൈബൽ) ടി.കെ.ഷാജഹാൻ പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയർപേഴ്‌സൺ എം.എൽ.ഗ്രേസി, സി.ഡി.എസ് അംഗം ഷീല സുഭാഷ്, ഫിനാൻസ് ഓഫീസർ കെ.ഷീൻ, രാജി പി.രാമചന്ദ്രൻ, രാജേഷ്, പരിശീലകൻ അജയ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement