മിനിസ്‌റ്റീരിയൽ ജീവനക്കാർക്ക് ശമ്പളം നൽകിത്തുടങ്ങി, കെഎസ്‌ആർടിസിയിൽ വേതനം ഇനിയും ലഭിക്കാതെ ഉന്നതോദ്യോഗസ്ഥർ

Monday 27 June 2022 11:31 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ഇന്ന് മിനിസ്‌റ്റീരിയൽ വിഭാഗത്തിൽപെട്ടവർക്ക് ശമ്പളം ലഭിച്ചു. എന്നാൽ കാഷ്വൽ ലേബർമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ശമ്പളം നൽകാനായിട്ടില്ല. ഇതിനുവേണ്ടി 16 കോടി കണ്ടെത്താനുള‌ള വഴിതേടുകയാണ് മാനേജ്‌മെ‌ന്റ്. മേയ് മാസത്തിലെ ശമ്പളം ഇതുവരെ മുഴുവൻ ജീവനക്കാർക്കും നൽകാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല.

കോർപറേഷനിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സിഐടിയു സിഎംഡി ഓഫീസ് ഇന്ന് മനുഷ്യപൂട്ടിട്ട് പൂട്ടി പ്രതിഷേധിച്ചിരുന്നു. ഐഎൻടിയുസിയും ഉന്നതോദ്യോഗസ്ഥരെ ഓഫീസിൽ കയറ്രാത്ത സമരമാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ 22 ദിവസമായി നിരാഹാര സമരം ഉൾപ്പെടെ പലവിധ സമരങ്ങൾ ജീവനക്കാർ നടത്തി. പക്ഷെ മാനേജ്‌മെന്റിന് കുലുക്കമില്ലെന്നും സമരം തുടങ്ങിയതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിൽ കാലുകുത്തിയിട്ടില്ലെന്നും സംഘടനകളുടെ നേതാക്കൾ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് സിഎംഡി ഇപ്പോൾ ഫയലുകൾ പരിശോധിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ടതെന്നും സിഐടിയു വ്യക്തമാക്കി.