ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർദ്ധന നടപ്പാക്കണം: കെ.എൻ.ഇ.എഫ്

Tuesday 28 June 2022 12:00 AM IST


തിരുവനന്തപുരം: സംസ്ഥാന പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ 2021-22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന 1000 രൂപയുടെ വർദ്ധന പൂർണമായും അനുവദിക്കണമെന്ന് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ ബജറ്റിൽ വർദ്ധന പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രാബല്യത്തിലായിരുന്നില്ല. ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവിൽ 500 രൂപ മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന 1000 രൂപ വർദ്ധന പത്രപ്രവർത്തക, പത്രപ്രവർത്തകേതര ജീവനക്കാർക്ക് അനുവദിക്കണമെന്നും കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസണും സംസ്ഥാന സെക്രട്ടറി ജയിസൺ മാത്യുവും ആവശ്യപ്പെട്ടു.
പെൻഷൻ വർദ്ധന മുൻകാല പ്രാബല്യത്തോടെ പൂർണമായും അനുവദിക്കണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ലതാനാഥനും ജനറൽ സെക്രട്ടറി വി. ബാലഗോപാലും ആവശ്യപ്പെട്ടു.

Advertisement
Advertisement