പിണറായിയുടെ ഉരുളയ്ക്ക് സതീശന്റെ ഉപ്പേരി...

Tuesday 28 June 2022 12:11 AM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചതിനെച്ചൊല്ലി പ്രതിപക്ഷം നിയമസഭാ സമ്മേളനം സ്തംഭിപ്പിച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയത് തീപ്പൊരി ചിതറിയ പോരാട്ടം.

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം എടുത്തെറിഞ്ഞത് കോൺഗ്രസുകാരാണെന്ന് ആദ്യം മുഖ്യമന്ത്രി സ്ഥാപിച്ചു. മാദ്ധ്യമപ്രവർത്തകനെ സതീശൻ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. ഇതിനു പിന്നാലെ വാർത്താസമ്മേളനം വിളിച്ച പ്രതിപക്ഷ നേതാവ്, ഓഫീസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് കള്ളപ്രചാരണമെന്ന് ആരോപിച്ചു. നിയമസഭയിലെ എൽ.ഡി.എഫ് ആക്രമണവും കടക്കു പുറത്തെന്ന് പറഞ്ഞതും മറന്ന പിണറായിക്ക് മറവി രോഗമാണെന്ന് പരിഹസിക്കുകയും ചെയ്തു.

.

വാക് പോരിലേക്ക്

# മുഖ്യമന്ത്രി: അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്ത പ്രതിപക്ഷം മറുപടി കേൾക്കാതെ ഒളിച്ചോടിയതെന്തിന്? ആ അടിയന്തരപ്രമേയം ഒരു കാരണവശാലും സഭയിൽ വരരുതെന്ന നിലയാണ് യു.ഡി.എഫ് അംഗങ്ങളിൽ നിന്നുണ്ടായത്.

# സതീശൻ: നിയമസഭയിൽ സംഘർഷം ഉണ്ടാക്കാനുള്ള ആസൂത്രിതശ്രമം ഭരണപക്ഷാംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. അതുകൊണ്ടാണ് അടിയന്തര പ്രമേയത്തിലേക്ക് കടക്കാതെ സഭാനടപടികൾ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.

#മുഖ്യമന്ത്രി: നാട്ടിലാകെ സംഘർഷവും കലാപവുമുണ്ടാക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ മറ്റൊരു പതിപ്പ് നിയമസഭയിലും ഉണ്ടാക്കാനുള്ള ശ്രമമാണിത്.

#സതീശൻ:ഇന്നലെ വരെയുള്ള മുഴുവൻ കാര്യങ്ങളും മറന്നുപോയ മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. ഇപ്പോൾ നല്ല പിള്ള ചമയുന്ന മുഖ്യമന്ത്രി നിയമസഭ അടിച്ചുതകർക്കാൻ പറഞ്ഞുവിട്ട പാർട്ടി സെക്രട്ടറിയായിരുന്നു.

#മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവിനോട് കല്പറ്റയിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി. കൈകൾ അറുത്തുമാറ്റുമെന്ന് അണികളുടെ ഭീഷണിയുമുണ്ടായി. പത്രമോഫീസ് ആക്രമിച്ചു.

#സതീശൻ: മാദ്ധ്യമ സിൻഡിക്കേറ്റെന്നു പറഞ്ഞ് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച ആളാണ് പിണറായി. കടക്ക് പുറത്ത്, മാറിനിൽക്ക് എന്നെല്ലാം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞ മുഖ്യമന്ത്രിയിൽ നിന്ന് പെരുമാറ്റച്ചട്ടം പഠിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

#മുഖ്യമന്ത്രി: രാഹുലിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് മഹാത്മഗാന്ധിയുടെ ചിത്രം താഴെയിട്ട കോൺഗ്രസുകാർ ഗാന്ധി ശിഷ്യരാണോ? ഗോഡ്സെ ചെയ്തത് പ്രതീകാത്മകമായി ഇവരും ചെയ്യുകയായിരുന്നില്ലേ? സി.പി.എമ്മിനെ സ്ഥിരമായി ആക്രമിക്കുന്ന ഒരു മാദ്ധ്യമം, എസ്.എഫ്.ഐക്കാർ പോയിക്കഴിഞ്ഞ് കാണിച്ച ദൃശ്യത്തിൽ ചുവരിൽ ഈ ചിത്രമുണ്ടായിരുന്നു. പിന്നെ അവിടെയുണ്ടായത് കോൺഗ്രസുകാർ മാത്രമാണ്. ചിത്രം താഴേക്കെറിയുന്ന കുബുദ്ധി എന്തിന് കാണിച്ചു?.

#സതീശൻ: ഓഫീസ് അക്രമിച്ചതിൽ നിന്നു രക്ഷപ്പെടാനാണ് കള്ള പ്രചാരണം. ആരോഗ്യ മന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഇയാൾ ജില്ലാ സെക്രട്ടറിയുടെ ബന്ധു കൂടിയാണ്. ആക്രമണത്തിന് ശേഷമാണ് ഇയാളെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടിയേരി പറഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ പ്രതികരണമായിരുന്നു മന്ത്രിയുടേത്.

#മുഖ്യമന്ത്രി: എൻജിനിയറിംഗ് വിദ്യാർത്ഥി ധീരജിന്റെ മരണം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് പ്രതികരിച്ചവരാണ് കോൺഗ്രസ് നേതൃത്വം. വിമാനത്തിൽ അക്രമത്തിന് ശ്രമിച്ചവരെ ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കുമെന്ന് പറഞ്ഞാണ് സ്വീകരണമൊരുക്കിയത്. ഇതാണ് സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം.

#സതീശൻ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പരിഭ്രാന്തനാണ്. മടിയിൽ കനമില്ലെന്ന് ബോർഡ് എഴുതി വച്ചിട്ട് കാര്യമില്ല.

Advertisement
Advertisement