ഗാന്ധി ചിത്രത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു

Tuesday 28 June 2022 2:00 AM IST

കൽപ്പറ്റ: എസ്.എഫ്.ഐ ആക്രമിച്ച രാഹുൽഗാന്ധി എം.പിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം നിലത്തുവീണതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. ഓഫീസിൽ തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവർത്തകരാണ് രാഷ്ട്രപിതാവിന്റെ ചിത്രം നിലത്തിട്ടതെന്ന കോൺഗ്രസ് ആരോപണം സി.പി.എമ്മും എസ്.എഫ്.ഐയും നിഷേധിക്കുന്നു. സമരക്കാർ ഓഫീസ് വിട്ടതിനു ശേഷം കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരാണ് രാഷ്ട്രീയ മുതലെടുപ്പിനു ഗാന്ധി ചിത്രം നിലത്തിട്ടതെന്നാണ് ഇവരുടെ പക്ഷം.
എം.പി ഓഫീസിൽ അക്രമം നടന്നതിനു പിന്നാലെ ചില ന്യൂസ് പോർട്ടലുകളിലും വാട്സ് ആപ് ഗ്രൂപ്പുകളിലും പ്രചരിച്ച ഫോട്ടോ മുൻനിറുത്തിയാണ് ഗാന്ധി ചിത്രം നിലത്തിട്ടതു കോൺഗ്രസുകാരാണെന്ന സി.പി.എം വാദം.

രാഹുൽഗാന്ധിയുടെ ചിത്രം എസ്.എഫ്.ഐ പ്രവർത്തകർ ചുമരിൽ നിന്നെടുത്ത് കസേരയിൽ വയ്ക്കുകയും സമീപം വാഴത്തൈ നാട്ടുകയും മാത്രമാണ് ചെയ്തതെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഷട്ടർ തകർത്ത് അകത്തു കയറി അക്രമം നടത്തിയശേഷം ഓഫീസിനു പുറത്തുപോയ എസ്.എഫ്.എ പ്രവർത്തകരിൽ ചിലർ തിരിച്ചെത്തിയാണ് ഗാന്ധി ചിത്രം നിലത്തിട്ടതെന്ന നിലപാടിലാണ് കോൺഗ്രസും യു.ഡി.എഫും.
എം.പി ഓഫീസിലെ ഗാന്ധി ചിത്രത്തെ അവഹേളിച്ചത് കോൺഗ്രസുകാരാണെന്ന ആരോപണം മുഖ്യമന്ത്രിയും ഉന്നയിച്ചതോടെ വയനാട്ടിൽ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയും വിവാദം ഉയർന്നു. ദേശാഭിമാനി ജില്ലാ ബ്യൂറോയിലെ ഒരു ജീവനക്കാരൻ 'എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതിൽ വീക്ഷണം ലേഖകനു പങ്ക്? 'എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വീക്ഷണം ലേഖകൻ അക്രമം നടന്ന എം.പി ഓഫീസിൽ നിൽക്കുന്ന ചിത്രം സഹിതമായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്. ഇതിനോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് വീക്ഷണം ലേഖകനും ഫേസ്ബുക്കിൽ പോസ്റ്റിട്ടു.