മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധം: വി.ഡി .സതീശൻ

Tuesday 28 June 2022 2:07 AM IST

തിരുവനന്തപുരം:രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തറയിലിട്ടത് കോൺഗ്രസുകാരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഒരു കേസിന്റെ അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രി ആ വിഷയത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത് അനൗചിത്യമാണ്. പൊലീസ് മഹസർ പോലും എടുക്കാത്ത സ്ഥലത്ത് , കോൺഗ്രസുകാർ ഗാന്ധി ചിത്രം തകർത്തുവെന്ന് ആരാണ് മുഖ്യമന്ത്രിയോട് പറഞ്ഞത്.. ഗാന്ധി ചിത്രം തല്ലിത്തകർത്തത് എസ്.എഫ്.ഐക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിന് ഇനി റിപ്പോർട്ട് കൊടുക്കാൻ കഴിയുമോ. അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്തടിസ്ഥാനത്തിലാണ്. പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ തല സി.പി.എമ്മുകാർ വെട്ടിമാറ്റിയതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ. ഗാന്ധി ഘാതകരെക്കാൾ വലിയ ഗാന്ധിനിന്ദ നടത്തുന്നവരാണ് സി.പി.എമ്മുകാർ.

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പിയുടെ ഭാര്യ സാക്കിയ ജാഫ്രിയെ സോണിയ സന്ദർശിച്ചില്ലെന്ന ഗുരുതര ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.സോണിയ സന്ദർശിച്ച കാര്യം അവരുടെ മകൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഒരു കാര്യവുമറിയാതെ കൂപമണ്ഡൂകത്തെ പോലെയാണ് മുഖ്യമന്ത്രി ഓരോന്നു പറയുന്നതെന്നും സതീശൻ പരിഹസിച്ചു.