സ്വർണ്ണക്കടത്ത്: കൂടുതൽ തെളിവുണ്ടെങ്കിൽ അന്വേഷിക്കും; മുഖ്യമന്ത്രി

Tuesday 28 June 2022 2:13 AM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഏതെങ്കിലും ഇടനിലക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷണ ഏജൻസികളാണ് അന്വേഷിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ

അറിയിച്ചു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കസ്റ്റംസാണ് അന്വേഷിച്ചത്. ഇതിൽ സംസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനും അവിഹിതമായി ഇടപെട്ടിട്ടില്ല. ഈ കേസിലെ പ്രധാനപ്രതിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണ്.ഇത് കോടതിയിൽ ഹാജരാക്കി ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ വെളിപ്പെടുത്തലുകളിൽ ഗൂഢാലോചന ആരോപിച്ച് കെ.ടി.ജലീൽ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും സി.പി.പ്രമോദ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസും കേസെടുത്തിട്ടുണ്ട്.ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

വ്യവസായ സംരക്ഷണസേനയിൽ

ആയിരം തസ്തികകൾ കൂടി

വ്യവസായ സംരക്ഷണസേനയിൽ ആയിരം തസ്തികകൾക്ക് കൂടി അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. പുതിയ വ്യവസായസ്ഥാപനങ്ങൾക്കും ഐ.ടി.പാർക്കുകൾക്കും സുരക്ഷയൊരുക്കുന്നതും ഈ വിഭാഗമായിരിക്കും.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക്സ് ഫീസിബിലിറ്റി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ചിരുന്ന പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠന റിപ്പോർട്ടിന്മേൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തിയ നിരീക്ഷണങ്ങൾക്ക് സർക്കാർ മറുപടി നൽകിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ ഏകദേശം 2263.18ഏക്കർ ഭൂമിയിൽ 3500മീറ്റർ നീളമുള്ള റൺവേ സാധ്യമാക്കുന്ന തരത്തിലുള്ള വിമാനത്താവളം മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

Advertisement
Advertisement