കിവികളെ പാറിപ്പിച്ച് ഇംഗ്ലണ്ട്,​ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

Tuesday 28 June 2022 4:01 AM IST

ലീഡ്സ്: മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം പെയ്ത മഴയ്ക്കും ഇംഗ്ലണ്ടിനെ വിജയത്തിന് തടയിടാനായില്ല. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ 7വിക്കറ്റിന്െ ജയം നേടി ഇംഗ്ലണ്ട് പരമ്പര 3-0ത്തിന് തൂത്തുവാരി. ന്യൂസിലൻഡ് ഉയർത്തിയ 296 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (296/3)​. സ്കോർ: ന്യൂസിലൻഡ്329/10,​ 326/10. ഇംഗ്ലണ്ട് 360/10,​ 296/3.

നാലാം ദിനം കളിനിറുത്തുമ്പോൾ തന്നെ 183/ 2 എന്ന നിലയിൽ വിജയത്തിനടുത്തെത്തിയിരുന്ന ഇംഗ്ലണ്ടിനെ അവസാന ദിവസം പെയ്ത മഴ ആശങ്കയിലാക്കി. മഴമൂലം ഒന്നരമണിക്കൂർ വൈകിയാണ് അഞ്ചാം ദിനം മത്സരം ആരംഭിച്ചത്. എന്നാൽ ജയിക്കാൻ വേണ്ടിയിരുന്ന 113റൺസ് 15.2 ഓവറിൽ അടിച്ചെടുത്ത് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. വീണ്ടും ട്വന്റി-20 രീതിയിൽ ബാറ്റ് വീശിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കിയത്. ഇന്നലെ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിലെ ഒലി പോപ്പിനെ (82)​ ക്ലീൻ ബൗൾഡാക്കി സൗത്തി ന്യൂസിലൻഡിന് പ്രതീക്ഷ നൽകിയതാണ്. എന്നാൽ തുടർന്ന് ക്യാപ്ടൻ ജോറൂട്ടിന് (പുറത്താകാതെ 86)​ കൂട്ടായി ബെയർസ്റ്റോയെത്തിയതോടെ (പുറത്താകാതെ 44 പന്തിൽ 76)​ ബെയർസ്റ്റോ എത്തിയതോടെ ഇംഗ്ലീഷ് സ്കോർ റോക്കറ്റ് പോലെ കുതിച്ചു. 30പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ബെയർസ്റ്റോ ടെസ്റ്റിൽ ഒരു ഇംഗ്ലീഷ് താരം നേടുന്ന വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയെന്ന റെക്കാഡും സ്വന്തമാക്കി. 8 ഫോറും 3 സിക്സും ആ ബാറ്റിൽ നിന്ന് പറന്നു. 125 പന്ത് നേരിട്ട റൂട്ട് 11 ഫോറും 1 സിക്സും നേടി.

ജനുവരി ഒന്നുമുതൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ഈ പരമ്പര വിജയം നൽകുന്ന ആത്മ വിശ്വാസം വളരെ വലുതാണ്. അതേസമയം പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യയ്ക്ക് സമനില നേടിയാൽ പോലും പരമ്പര സ്വന്തമാക്കാം.

Advertisement
Advertisement