500 വർഷം പ്രായം, രണ്ടരമീറ്ററോളം വീതി: പടുകൂറ്റൻ ഈട്ടിത്തടി വിൽപനയ്‌ക്ക്

Tuesday 28 June 2022 7:00 AM IST

നിലമ്പൂർ: 500 വർഷം പ്രായവും 230 സെന്റീമീറ്റർ വീതിയുമുള്ള പടുകൂറ്റൻ ഈട്ടിത്തടി വിൽപനയ‌്ക്ക്. വനം വകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലാണ് ലേലത്തിന് തയ്യാറായി ഭീമൻ കിടക്കുന്നത്. ഏഴു മീറ്ററിലധികം നീളവുമുണ്ട്.

അരുവാക്കോട് സെൻട്രൽ ഡിപ്പോയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും പഴക്കമുള്ള ഈട്ടിത്തടി ലേലത്തിന് വയ്ക്കുന്നത്. 1.75 ഘനമീറ്ററുള്ള ഒറ്റത്തടിക്ക് നികുതി ഉൾപ്പെടെ പ്രതീക്ഷിക്കുന്നത് 10 ലക്ഷം രൂപയാണ്.

കരുവാരക്കുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡിൽനിന്നാണ് ഭീമനെ ഡിപ്പോയിൽ എത്തിച്ചത്. കയറ്റുമതി വിഭാഗത്തിൽപ്പെട്ട തടിയാണിത്. അമൂല്യവസ്‌തുവിനെ സ്വന്തമാക്കാൻ നിരവധിപേർ വിവിധയിടങ്ങളിൽ നിന്നും എത്തിക്കഴിഞ്ഞു.