കൊവിഡ് കേസുകൾ കുതിക്കുന്നു, മാസ്‌ക് ധരിച്ചില്ലെങ്കിൽ കർശന നടപടി

Tuesday 28 June 2022 4:28 PM IST

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് സംസ്ഥാന സർക്കാർ നിർദേശം നൽകി. കൊവി‌‌ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലം എന്നിവടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഏപ്രിൽ 27ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സ്വകാര്യ വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്.

ഇക്കാര്യം ആരും പാലിക്കാത്തതിനാലാണ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 500 രൂപയാണ് മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ഈടാക്കിയത്. 2993 പേർക്കാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

അതേസമയം,തീർത്ഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്രയ്‌ക്ക് അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

Advertisement
Advertisement