കൊവിഡ് പ്രതിദിന കണക്കിൽ ഇരട്ടിയ്‌ക്കടുത്ത് വർദ്ധന, തിരുവനന്തപുരത്തും എറണാകുളത്തും ആയിരത്തിലധികം രോഗികൾ

Tuesday 28 June 2022 6:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധന. 4459 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച ഇത് 2993 കേസായിരുന്നു. 1500ഓളം കേസുകളുടെ വർദ്ധന. ഇന്ന് 15 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയുമുണ്ട്. 1161കേസുകളാണ് എറണാകുളത്ത്. തിരുവനന്തപുരത്ത് ഇത് 1081 ആണ്.

കോഴിക്കോട് ജില്ലയിൽ അഞ്ചുപേർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം മൂന്ന്, തിരുവനന്തപുരം, കോട്ടയം,ഇടുക്കി ജില്ലകളിൽ രണ്ട് വീതവും ആലപ്പുഴയിൽ ഒന്നും മരണം രേഖപ്പെടുത്തി. കൊവിഡ് കണക്കിൽ മറ്റ് ജില്ലകളിൽ കോട്ടയം 445, കൊല്ലം 382,പാലക്കാട് 260, ആലപ്പുഴ 242, കോഴിക്കോട് 223, തൃശൂർ 221 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ. വയനാട്ടിൽ 26ഉം കാസർകോട് 18 കേസുകളുമാണുള‌ളത്.

ഇതിനിടെ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് സംസ്ഥാന സർക്കാർ നിർദേശം നൽകി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലം എന്നിവടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഏപ്രിൽ 27ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

സ്വകാര്യ വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. ഇക്കാര്യം ആരും പാലിക്കാത്തതിനാലാണ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 500 രൂപയാണ് മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ഈടാക്കിയത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Advertisement
Advertisement