'സഞ്ജുചേട്ടാ വീ ലവ് യൂ'; അയർലൻഡിൽ സഞ്ജുവിനെ പൊതിഞ്ഞ് മലയാളി ആരാധകർ

Tuesday 28 June 2022 8:40 PM IST

ഡബ്ളിൻ: ഇന്ത്യ-അയർലൻഡ് ആദ്യ ടി20യിൽ മലയാളി താരം സഞ്ജു സാംസണ് പ്ളെയിംഗ് ഇലവനിൽ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന രണ്ടാം ട്വന്റി 20യിലെ പ്ളെയിംഗ് ഇലവനിൽ സഞ്ജു ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ. കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും സഞ്ജുവിനെ കണ്ട ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുന്നതും ഓട്ടോഗ്രാഫും സെൽഫിയും വാങ്ങുന്നതുമായ വീഡിയോ ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. ഡബ്ളിനിലെ ആദ്യ മത്സരത്തിൽ ബൗണ്ടറി ലൈനിന് പുറത്ത് നടക്കുന്ന സഞ്ജുവിനെ നോക്കി മലയാളികളടക്കം ആരാധകർ സഞ്ജു..സഞ്ജു എന്ന് വിളിക്കുന്നതും സഞ്ജൂ വീ ലവ് യൂ എന്ന് ഉറക്കെ പറയുന്നതും വീഡിയോയിൽ കേൾക്കാം.

സഞ്ജു ചേട്ടാ ഒന്ന് ഇങ്ങോട്ട് നോക്കണേ എന്ന് വിളിക്കുന്ന മലയാളി ആരാധകർക്കൊപ്പം സെൽഫിയെടുക്കാനും താരം തയ്യാറായി. സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമെത്തിയാണ് താരം ആരാധകരെ കണ്ടത്. ഈ വർഷം ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് സഞ്ജു ഇതിനുമുൻപ് ട്വന്റി20 കളിച്ചത്. ആദ്യ ട്വന്റി 20യിൽ ഇന്ത്യ, അയർലണ്ടിനെതിരെ ഏഴ് വിക്കറ്റിനാണ് ജയിച്ചത്.