കെ.എസ്.ഇ.ബി തസ്തികകൾ ഉപേക്ഷിച്ചു, നിയമനങ്ങൾ വെട്ടിച്ചുരുക്കി, ഈ വർഷം വിരമിച്ചവർ 5471, പി.എസ്.സിയെ അറിയിച്ചത് 980

Wednesday 29 June 2022 12:00 AM IST

തിരുവനന്തപുരം: ഇൗ വർഷം 5471 പേർ വിരമിച്ചെങ്കിലും 980 ഒഴിവുകൾ മാത്രം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതിലൂടെ നിയമനങ്ങൾ പരമാവധി വെട്ടിക്കുറയ്ക്കുകയാണ് കെ.എസ്.ഇ.ബി.

ഡ്രൈവർ, കോപ്പി അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഇനി നിയമനം നടത്തേണ്ടെന്നാണ് തീരുമാനം. അത്തരം തസ്തികകൾ പൂർണ്ണമായും ഒഴിവാക്കി. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിനാൽ മീറ്റർ റീഡർ നിയമനങ്ങളും ഒഴിവാക്കി.

മസ്ദൂർ വിഭാഗത്തിൽ 1486 ഒഴിവുകളുണ്ടായെങ്കിലും പുറത്തുനിന്ന് നിയമനം നടത്തേണ്ടെന്നാണ് തീരുമാനം. പെറ്റി കരാറുകാരെ മസ്ദൂർ തസ്തികയിൽ നിയമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അവരെ നിയമിക്കാനാണ് ഈ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തത്. കാഷ്യർ, ഇലക്ട്രിക്കൽ സബ് എൻജിനിയർ ഒഴിവുകൾ പൂർണ്ണമായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കെ.എസ്.ഇ.ബിയിൽ 33315 ജീവനക്കാരുണ്ട്. എന്നാൽ, 27115 പേർ മതിയെന്നാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്റെ നിലപാട്. ഇതുമൂലം കെ.എസ്.ഇ.ബിയുടെ റേഗുലേറ്ററി ഒാഡിറ്റിൽ പറയുന്നതിനെക്കാൾ കൂടുതൽ നഷ്ടം ഫിനാൻസ് ഒാഡിറ്റിൽ കാണിക്കേണ്ടിവരും.

കഴിഞ്ഞ സാമ്പത്തിക വർഷം 1417കോടിരൂപയാണ് പ്രവർത്തന ലാഭം. എന്നാൽ റെഗുലറ്ററി കമ്മിഷന്റെ കണക്കിൽ പ്രവർത്തന ലാഭം വെറും 70 കോടിരൂപ മാത്രമാണ്. വൈദ്യുതി വില്പനയിലൂടെ 15403കോടിരൂപയാണ് കിട്ടിയത്. കാലവർഷക്കാലത്ത് അധികവൈദ്യുതി ഉത്പാദിപ്പിച്ച് വിറ്റ ഇനത്തിൽ 1024.31കോടിയും വായ്പകൾ കുറഞ്ഞ പലിശയുള്ള വായ്പകളിലേക്ക് മാറ്റിയും മാസ്റ്റർ ബോണ്ടുകൾ തിരിച്ചുകൊടുത്തും 111.90കോടിയും ലാഭമുണ്ടാക്കി.എന്നാൽ 11000 കോടിരൂപയുടെ സഞ്ചിത നഷ്ടം കിടപ്പുണ്ട്.

പി.എസ്.സിയെ

അറിയിച്ചത്

(ബ്രാക്കറ്റിൽ ഒഴിവുവന്നത്)

അസി.എൻജിനിയർ(ഇല.)..................193 (288)

അസി.എൻജിനിയർ (സിവിൽ).............63 (75)

സബ് എൻജിനിയർ (ഇല.)................. 201 (201)

കാഷ്യർ.................................................. 520 (520)

ഡിവിഷണൽ അക്കൗണ്ടന്റ് .................... 3 (12)

# അറിയിക്കാത്തവ

മസ്ദൂർ............................................ 1486

സബ് എൻജി.(സിവിൽ)..................15

മീറ്റർ റീഡർ........................................218

Advertisement
Advertisement