വ്യവസായ വികസനത്തിന് നിയമങ്ങൾ പരിഷ്കരിക്കും:മന്ത്രി രാജീവ്
Wednesday 29 June 2022 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ കൂടുതൽ നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതിനായി നിയോഗിച്ച ഡോ.കെ.സി. സണ്ണി ചെയർമാനായുള്ള മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണ്. ഇതുവരെ ഏഴ് നിയമങ്ങളിലും പത്ത് ചട്ടങ്ങളിലും മാറ്റം വരുത്തി.
കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുകയാണ് ഇനിയുള്ള നടപടി. വ്യവസായങ്ങൾ തുടങ്ങുന്നവർക്കുള്ള നിയമപരമായ നൂലാമാലകൾ പരിഹരിച്ച് കൂടുതൽ സുതാര്യവും ലളിതവുമാക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ സംസ്കരണത്തിനായി മിനി ഫുഡ് പാർക്ക് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.