നൂറ് രൂപയ്ക്ക് നാല് ചാള, ട്രോളിംഗിൽ ചാകരക്കോള് പ്രതീക്ഷിച്ചിരുന്ന വള്ളക്കാർക്ക് കടുത്ത നിരാശ
കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കോള് പ്രതീക്ഷിച്ച പരമ്പരാഗത വള്ളക്കാർക്ക് കടുത്ത നിരാശ. വലയിൽ കാര്യമായി ഒന്നും കുരുങ്ങാത്തതിനാൽ മത്സ്യവില കുത്തനെ ഉയർന്നിരിക്കുകയാണ്. മഴയും ട്രോളിംഗ് നിരോധനവും ഒരുമിച്ചെത്തുന്ന ജൂണിൽ മുൻകാലങ്ങളിൽ വള്ളക്കാരുടെ കീശ നിറയുന്നതാണ്. പക്ഷെ ഇത്തവണ വള്ളങ്ങൾക്ക് ലഭിക്കുന്ന മത്സ്യത്തിന്റെ അളവിൽ വലിയ ഇടിവാണ് സംഭവിച്ചത്. കാലാവസ്ഥാ മാറ്റങ്ങളും അനിയന്ത്രിത മത്സ്യബന്ധനവുമാണ് ലഭ്യത കുറയാനുള്ള കാരണമായി തൊഴിലാളികൾ പറയുന്നത്.
പരിശോധന ശക്തമായതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾ കൂട്ടത്തോടെ കടലിൽ പോയിരുന്നതാണ്. എന്നാൽ ലഭ്യത കുറഞ്ഞതിനാൽ കടലിൽ പോകുന്ന വള്ളങ്ങളുടെ എണ്ണവും കുറഞ്ഞു. അതിനാൽ ചെറിയൊരു വിഭാഗം കച്ചവടക്കാർ മറ്റ് ജില്ലകളിൽ നിന്നാണ് കൊല്ലത്തേക്ക് മത്സ്യം കൊണ്ടുവരുന്നത്.
ചാളയ്ക്ക് പൊന്നുംവില
കൊല്ലം തീരത്തിന്റെ ട്രേഡ് മാർക്കായ നെയ്ച്ചാള ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചയായി വള്ളക്കാർക്ക് ലഭിക്കുന്നുണ്ട്. അളവിൽ കുറവായതിനാൽ തീ വിലയാണ്. ഒരു കിലോയിൽ 18 എണ്ണം തൂങ്ങുന്ന തരത്തിലുള്ള ചാളയാണ് ലഭിക്കുന്നത്. ഹാർബറിൽ കിലോയ്ക്ക് 320 രൂപ വരെ ഉയർന്ന ദിവസങ്ങളിൽ ചന്തയിൽ നൂറ് രൂപയ്ക്ക് നാല് ചാളയാണ് ലഭിച്ചത്.
ഇനം, ഇപ്പോഴത്തെ വില, ട്രോളിംഗ് നിരോധനത്തിന് മുമ്പ്
ചാള 280 - 340,
150 - 200
അയല 250 - 300,
170 - 250
ചൂര 260 - 300,
160 - 200
കേരച്ചൂര 300 -360,
250 -300