ആരോപണങ്ങൾ അസംബന്ധമാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്  കുഴൽനാടൻ; പുതിയ കുപ്പിയിൽ പഴയ വീഞ്ഞെന്ന് മന്ത്രി റിയാസ്

Wednesday 29 June 2022 1:03 PM IST

തിരുവനന്തപുരം: അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മകളെക്കുറിച്ച് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായതിന് പിന്നാലെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകളുമായി മാത്യു കുഴൽനാടൻ എംഎൽഎ.

സ്വ​പ്ന​ സുരേഷിനെ​ ​സെ​ക്ര​ട്ട​റി​യേ​റ്റി​ൽ​ ​നി​യ​മി​ച്ച​ ​പ്രൈ​സ് ​വാ​ട്ട​ർ​ ​ഹൗ​സ് ​കൂ​പ്പേ​ഴ്‌സ് കമ്പനിയുടെ​ ​ഡ​യ​റ​ക്ട​ർ​ ​ജെയ്‌ക് ​ബാ​ല​കു​മാ​ർ​ ​ത​നി​ക്ക് ​മെ​ന്റ​റെ​പ്പോ​ലെ​ ​(​മാ​ർഗ​ദ​ർ​ശി​)​ ​ആ​ണെ​ന്ന് ​എ​ക്സാ​ ​ലോ​ജി​ക് ​ക​മ്പ​നി​യു​ടെ​ ​വെബ്‌സൈറ്റിൽ​ ​മ​ക​ൾ​ ​വീ​ണ​ ​കു​റി​ച്ചി​രു​ന്ന​താ​യാണ്​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ ആരോപിച്ചത്. ഈ കുറിപ്പ് സൈറ്റിൽ നിന്ന് നീക്കം ചെയ്തെന്ന് എംഎൽഎ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെബ്‌സൈറ്റിൽ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വീണാ വിജയൻ നടത്തുന്ന എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് സൈറ്റ് ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴനാടൻ ആരോപിച്ചു.

എക്‌സാലോജിക്കിന്റെ പ്രധാനികളിൽ ഒരാളാണ് ​ജെയ്‌ക് ​ബാ​ല​കു​മാ​റെന്ന് കമ്പനി തന്നെ വെബ്‌സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ 2020 മേയിൽ സൈറ്റ് ഡൗൺ ആവുകയും പിന്നീട് ജൂണിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ ബാലകു മാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായെന്നും കുഴൽനാടൻ വ്യക്തമാക്കി.

മകളെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതയെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. സ്വപ്ന സുരേഷിനെ നിയമിച്ചത് ​പ്രൈ​സ് ​വാ​ട്ട​ർ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയാണെന്ന കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിയ്ക്ക് സാധിക്കുമോ? താൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും മാത്യു കുഴൽനാടൻ പറഞ്ഞു.

അതേസമയം, മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ വീണാ വിജയന്റെ ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ് തള്ളി. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ്. 2021ലെ നിയമസഭാ തിരഞ്ഞടുപ്പിന് മുൻപ് ഇത് പ്രചരിച്ചതാണ്. എന്നാൽ ഇത്തരം പ്രചാരണങ്ങളായിരുന്നു തിരഞ്ഞെടുപ്പിൽ വിജയത്തിന് കാരണമായതെന്നും റിയാസ് പറഞ്ഞു.