ബൈക്ക് റാലി ഹരമാക്കി സാമുവൽ അബ്രഹാം

Thursday 30 June 2022 12:23 AM IST

കൊച്ചി: സമുദ്രനിരപ്പിൽനിന്ന് 14,482 അടി ഉയരത്തിലുള്ള ദുർഘടപാതയിൽ മൂന്നടിയിലേറെ ഉയരത്തിൽ മഞ്ഞുകട്ടകൾ. കല്ലുപോലെ പതിക്കുന്ന മഞ്ഞുമഴ... മരംകോച്ചുന്ന തണുപ്പ്...ശ്വാസമെടുക്കാൻ പലപ്പോഴും നന്നേ വിഷമിച്ചു... തകർന്നുതരിപ്പണമായി മണ്ണിടിഞ്ഞുവീഴുന്ന റോഡിൽ പലയിടത്തും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിജയിക്കണം എന്ന ദൃഢനിശ്ചയത്തോടെ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ബൈക്ക് പായിച്ച് റാലി ഒഫ് ചമ്പയിൽ രണ്ടാംസ്ഥാനം സ്വന്തമാക്കിയത് വടക്കൻ പറവൂർ സ്വദേശി സാമുവൽ അബ്രഹാം എന്ന 28കാരൻ.

ഹിമാചൽപ്രദേശ് സർക്കാരും ചമ്പ ജില്ലാഭരണകൂടവും ചേർന്ന് സംഘടിപ്പിക്കുന്ന 'റാലി ഒഫ് ചമ്പ' രാജ്യത്തെ ഏറ്റവും ദുർഘടമായ ബൈക്ക് റാലിയാണ്. ഗ്രൂപ്പ് സി ക്ളാസ് ഏഴ് 220 സി.സി വിഭാഗത്തിലാണ് സാമുവൽ മത്സരിച്ചത്.

രാജ്യത്തെ ഏറ്റവും അപകടകരമായ സച്ച്പാസ്, സുരാൽ, ബത്തോടി ഖിലാട് മേഖലകളിലൂടെയാണ് റാലി കടന്നുപോയത്. തകർന്ന റോഡിലൂടെ ബൈക്കോടിക്കുക വെല്ലുവിളിയായിരുന്നെന്ന് സാമുവൽ പറഞ്ഞു.

ഹിമാലയം തൊട്ട് 600 കിലോമീറ്റർ

ഹീറോ മോട്ടോർകോർപ്പ് സ്‌പോൺസർ ചെയ്ത ഹീറോ എക്സ്‌പ്രസ് 200 ബൈക്കാണ് ഓടിച്ചത്. മൂന്നുദിവസം നാലുഘട്ടങ്ങളായി 600 കിലോമീറ്റർ പിന്നിട്ടു. ദേശീയതലത്തിൽ സംഘടിപ്പിച്ച റാലിയിൽ 60പേർ മത്സരിച്ചു. കാക്കനാട് സ്വദേശി ശ്രീകാന്തും പങ്കെടുത്തെങ്കിലും പൂർത്തിയാക്കാനായില്ല.

ഓഹരി വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന സാമുവൽ കഴിഞ്ഞവർഷം ഹിമാലയൻ റാലിയിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. ദേശീയറാലികളിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് പഠനകാലത്ത് ആരംഭിച്ചതാണ് ബൈക്ക് റാലി ഹരം. വീട്ടുകാരെല്ലാം പിന്തുണയ്ക്കുന്നുണ്ടെങ്കിലും അമ്മ മാർത്തയാണ് കട്ടയ്ക്ക് ഒപ്പംനിൽക്കുന്നത്.

"ലോകപ്രശസ്തമായ ഡാക്കർ റാലിയിൽ പങ്കെടുക്കണമെന്നാണ് ഏറ്റവും വലിയ മോഹം. സൗദി അറേബ്യയിൽ 900 കിലോമീറ്റർ നീളുന്ന റാലി ലോകത്തെ ഏറ്റവും ദുർഘടം പിടിച്ചതാണ്."

സാമുവൽ അബ്രഹാം

Advertisement
Advertisement