രോഹിത്തിന്റെ ആർടിപിസിആർ ഫലം പോസിറ്റീവ്; ഇംഗ്ളണ്ടിനെതിരെ അഞ്ചാം ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കാൻ ബുമ്ര

Wednesday 29 June 2022 7:46 PM IST

ബിർമിംഗ്ഹാം: ഇന്ത്യ-ഇംഗ്ളണ്ട് ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ നിർണായകമായ അഞ്ചാം ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കുക ജസ്‌പ്രീത് ബുമ്രയായിരിക്കും. ക്യാപ്‌റ്റൻ രോഹിത് ശർമ്മയുടെ ആർടിപിസിആർ ഫലം വീണ്ടും പോസി‌റ്റീവായതിനെ തുടർന്നാണ് ബുമ്രയെ നായകനായി ബിസിസിഐ നിശ്ചയിച്ചത്. ജൂലായ് ഒന്നിനാണ് അഞ്ചാം ടെസ്‌റ്റ് ആരംഭിക്കുക.

ഇത് രണ്ടാം തവണയാണ് രോഹിത്തിന് പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് തെളിയുന്നത്. ലെസ്‌റ്റർ‌ഷെയറുമായുള‌ള ഇന്ത്യയുടെ സന്നാഹമത്സരത്തിനിടെയാണ് രോഹിത്ത് കൊവിഡ് രോഗബാധിതനായത്. ആദ്യ ഇന്നിംഗ്‌സിൽ 25 റൺസ് നേടി. രണ്ടാം ഇന്നിംഗ്‌സിന് മുൻപാണ് രോഗം സ്ഥിരീകരിച്ചത്. എഡ്‌ജ്‌ബാസ്‌റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടീം ഇന്ത്യ ഇന്ന് പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാൽ രോഹിത്ത് പരിശീലനത്തിനെത്തിയില്ല. ടെസ്‌റ്റ് ഉപനായകനായ കെ എൽ രാഹുൽ പരിക്കേറ്റ് പുറത്തായതോടെ ബുമ്ര ഉപനായകനായിരുന്നു. ടീം ഇന്ത്യയുടെ 36ാമത് ടെസ്‌റ്റ് ക്യാപ്‌റ്റനാണ് ബുമ്ര.

വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ടെസ്‌റ്റ് പരമ്പരയിൽ 2-1ന് മുന്നിലായിരിക്കെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അവശേഷിക്കുന്ന ടെസ്‌റ്റ് നീട്ടിവച്ചത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും പരമ്പരയിലുണ്ടാകും. ആദ്യ നാല് ടെസ്‌റ്റുകളിൽ ഇംഗ്ളണ്ടിനെ നയിച്ചത് ജോ റൂട്ട് ആയിരുന്നെങ്കിൽ അഞ്ചാം ടെസ്‌റ്റിൽ ബെൻ സ്‌റ്റോക്‌സാണ് ക്യാപ്‌റ്റൻ.