വിവാദ ഉത്തരവ് തേജയ്ക്ക് വിനയായി; പി.ബി. നൂഹ് ടൂറിസം ഡയറക്ടർ
Thursday 30 June 2022 12:12 AM IST
തിരുവനന്തപുരം: ടൂറിസം വകുപ്പിലെ വനിതാ ജീവനക്കാരുടെ പരാതിയിലെ വിശ്വാസ്യത പരിശോധിക്കണമെന്ന ഡയറക്ടർ വി.ആർ. കൃഷ്ണ തേജയുടെ ഉത്തരവ് വിവാദമായതിനെ തുടർന്ന് അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ബി. നൂഹിനെ പുതിയ ടൂറിസം ഡയറക്ടറായി നിയമിച്ചു. ലൈഫ് മിഷൻ സി.ഇ.ഒയുടെ അധികച്ചുമതലയുണ്ടാകും.
കൃഷ്ണ തേജയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. അദ്ദേഹത്തിന്റെ മറ്റ് അധികച്ചുമതലകൾ തുടരും. ഡയറക്ടറുടെ ഉത്തരവ് വിവാദമായതോടെ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇടപെട്ട് റദ്ദാക്കിയിരുന്നു. കൂടിയാലോചനയില്ലാതെ ഉത്തരവിറക്കിയ ഡയറക്ടറോട് ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീനിവാസ് വിശദീകരണവും തേടി. ഇതിന് പിന്നാലെയാണ് ഡയറക്ടറെ മാറ്റിയത്. ടൂറിസം ഡയറക്ടർ ആഡംബരവും ദൂർത്തും നടത്തുകയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.