@ നീന്തലറിയില്ലെങ്കിൽ സർട്ടിഫിക്കറ്റില്ല പിള്ളേരുടെ ഒരു പെടാപ്പാടേ..!

Thursday 30 June 2022 12:26 AM IST
നടക്കാവ് സ്വിമ്മിംഗ് പൂൾ

@ പ്ലസ്‌ വൺ

പ്രവേശനത്തിൽ

ഗ്രേസ് മാർക്ക്

കോഴിക്കോട്: എസ്.എസ്.എൽ.സി ഫലം വന്നതോടെ പ്ലസ്‌വൺ പ്രവേശനം നേടാൻ നീന്തൽ സർട്ടിഫിക്കറ്റിനായി കുട്ടികളുടെ നെട്ടോട്ടം. മുൻകാലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഇഷ്ടംപോലെ നൽകിവന്ന നീന്തൽ സർട്ടിഫിക്കറ്റ് സ്‌പോർട്‌സ് കൗൺസിൽ വഴിയാക്കിയതോടെ നീന്തലറിയാതെ രക്ഷയില്ലെന്നായി. അതോടെ നീന്തൽകുളങ്ങളിൽ കുട്ടികളുടെ ഇടിയാണ്. കോഴിക്കോട് നടക്കാവിലെ സ്‌പോർട്സ് കൗൺസിലിന്റെ നീന്തൽകുളത്തിൽ നിന്ന് ഇതുവരെ കൊടുത്തത് അയ്യായിരത്തോളം സർട്ടിഫിക്കറ്റുകൾ. ഇതിൽ പരാജയപ്പെട്ടവരും ഏറെയുണ്ട്. എന്നാൽ അവരൊക്കെ വാശിയോടെ നീന്തൽ പടിച്ച് തിരിച്ചുവരുന്നതാണ് ആവേശം പകരുന്ന കാഴ്ച. പൂളിൽ 15 മീറ്ററെങ്കിലും നീന്തി കാണിക്കണം. അവർക്കാണ് സർട്ടിഫിക്കറ്റിന് യോഗ്യത.

നല്ല മാർക്കിൽ എസ്.എസ്.എൽ.സി പാസായാലും ഇഷ്ടവിഷയം പഠിക്കാൻ ഗ്രേസ് മാർക്കിന്റെ പിറകെ ഓടേണ്ട ഗതികേടിലാണ് കുട്ടികൾ. കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മരിക്കാനിടയായതും ഈയൊരു അവസ്ഥയുടെ നേർ സാക്ഷ്യം. നീന്തൽ പരിശീലിക്കുന്നതിനിടെ ഫുൾ എ പ്ലസുകാരനായ മകനും രക്ഷിക്കാൻ ശ്രമിച്ച അച്ഛനും മരിക്കുകയായിരുന്നു. നീന്തൽ സർട്ടിഫിക്കറ്റുള്ളവർക്ക് പ്ലസ്‌വൺ പ്രവേശനത്തിന് ഒരുമാർക്കാണ് ഗ്രേസ് മാ‌ർക്കായി നൽകുന്നത്.


ഗ്രാമങ്ങളിലേക്ക് നീന്തൽ എക്‌സ്‌പേർട്ടുകൾ
കോഴിക്കോട് ജില്ലയിലെ നീന്തൽ സർട്ടിഫിക്കറ്റിന് ചുമതലയുള്ളത് സ്‌പോർട്സ് കൗൺസിലിനായതിനാൽ നീന്തൽ പരിശോധനയ്ക്ക് സൗകര്യമുള്ളയിടങ്ങളിലേക്ക് സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്ര തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ തിക്കോടി, കോടഞ്ചേരി പഞ്ചായത്തുകളിൽ കുട്ടികളുടെ നിന്തൽ പ്രാവീണ്യം പരിശോധിക്കാനെത്തിയ അദ്ധ്യാപകർ ഇന്നലെ മൂടാടിയിലായിരുന്നു. സുരക്ഷിതമായ കുളങ്ങൾ, പുഴകൾ എന്നിവയുള്ള പഞ്ചായത്തുകൾ സമീപിച്ചാൽ അങ്ങോട്ടുപോയി ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകലാണ് രീതി. ജില്ലയിലെ മുഴുവൻ പേരും സ്‌പോർട്സ് കൗൺസിലിന്റെ പൂളിലേക്ക് വന്നാൽ അവരെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.

'കൊവിഡ് കാലത്ത് ചെറിയ രീതിയിൽ ഇളവുകളുണ്ടായിരുന്നു. അത് വലിയ രീതിയിൽ പ്രതിഷേധത്തിനും ഇടയാക്കി. നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ നീന്തലറിയാത്തവർക്കും സർട്ടിഫിക്കറ്റ് നൽകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്ന ചുമതല സ്‌പോർട്‌സ് കൗൺസിലിലേക്ക് മാറ്റിയത്. കോവിഡ് കാലത്ത് കർശനമാക്കിയില്ലെങ്കിലും ഇപ്പോൾ നീന്തലറിയാവുന്നവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇത് കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള അവസരം കൂടിയാണ് '.

ഡോ.റോയി ജോൺ, കായികാദ്ധ്യാപകൻ,

സ്‌പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്

കുട്ടികളെ ചെറുപ്പം തൊട്ടേ നീന്തൽ പരിശീലിപ്പിക്കണം. മാർക്ക് നേടുക എന്നതിനപ്പുറം ജീവിതത്തിൽ വലിയ മുതൽക്കൂട്ടാണ്. എത്രയെത്ര അപകടങ്ങളാണ് നീന്തലറിയാത്തതിന്റെ പേരിൽ സംഭവിക്കുന്നത്. കോഴിക്കോട് സ്‌പോർട്‌സ്‌ കൗൺസിലിന്റെ നടക്കാവിൽ വലിയ പൂളിനൊപ്പം ഇപ്പോൾ കുട്ടികൾക്കായി ഒരുപൂളു കൂടി തുറന്നു. ഒരെണ്ണംകൂടി നിർമാണത്തിലാണ്. അതുകൂടി യാഥാർത്ഥ്യമായാൽ നഗരത്തിലെ വിദ്യാർത്ഥികൾക്ക് നീന്തലെന്ന കടമ്പ എളുപ്പം മറികടക്കാനാവും'.

ഒ.രാജഗോപാൽ, സ്‌പോർട്‌സ്

കൗൺസിൽ പ്രസിഡന്റ് .

Advertisement
Advertisement