കൊവിഡിൽ ജാഗ്രത പാലിക്കണം: മന്ത്രി വീണ

Thursday 30 June 2022 12:32 AM IST

തിരുവനന്തപുരം: കൊവിഡ് സംസ്ഥാനത്ത് ചെറുതായി ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. 27,991 ആക്ടീവ് കേസുകളുണ്ടായിരുന്നതിൽ 1285 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 239 പേർ ഐ.സി.യുവിലും 42 വെന്റിലേറ്ററിലുമുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സിൻ എടുക്കാത്തവരിലുമാണ് രോഗം കൂടുതലായും ഗുരുതരമാകുന്നത്. അതിനാൽ അവർ കൂടുതൽ ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പ് യോഗം വിളിച്ച് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകൾക്കും പ്രതിരോധം ശക്തമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ 1000ന് മുകളിൽ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. എല്ലാ കാലവും അടച്ചിടലുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ല. കൊവിഡിനോടൊപ്പം ജീവിക്കുകയാണ് പ്രധാനം. എല്ലാവരും നിർബന്ധമായി മാസ്‌ക് ധരിക്കണം.