വിടപറഞ്ഞത് കോടീശ്വരന്മാരുടെ പ്രഭു

Thursday 30 June 2022 12:06 AM IST

മുംബയ്: ശതകോടീശ്വര വ്യവസായിയും ഷപോർജി പല്ലോൺജി ഗ്രൂപ്പിന്റെ ചെയർമാനുമായ പല്ലോൺജി മിസ്ത്രി അന്തരിച്ചു. 93 വയസായിരുന്നു. മുംബയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ പ്രായംകൂടിയ ശതകോടീശ്വരനായിരുന്ന പല്ലോൺജി മിസ്ത്രിയെ 2016ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഭീമൻ കമ്പനിയാണ് ഷപൂർജി പല്ലോൺജി ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്.

1865-ൽ സ്ഥാപിതമായ കമ്പനിക്ക് എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ്, ജലം, ഊർജം, ധനകാര്യ സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി 18 പ്രധാന ഉപകമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

മുംബയിൽ റിസർവ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം, ടാറ്റാ ഗ്രൂപ്പിന്റെ ദി താജ് മഹൽ പാലസ് തുടങ്ങിയ കെട്ടിടങ്ങൾ നിർമിച്ചത് പല്ലോൺജി മിസ്ത്രിയുടെ നേതൃത്വത്തിൽ ഷപോർജി പല്ലോൺജി ഗ്രൂപ്പാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമ കൂടിയായിരുന്നു പല്ലോൺജി മിസ്ത്രി. പല്ലോൺജിയുടെ ഇളയ മകനായ സൈറസ് മിസ്ത്രി 2012 മുതൽ 2016 വരെ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെ മുഖ്യ സംരംഭകരായ ടാറ്റാ സൺസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2016ൽ സൈറസിനെ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്തു നിന്നാ പുറത്താക്കുകയായിരുന്നു.

Advertisement
Advertisement