എ.കെ.ജി.എസ്.എം.എ സംസ്ഥാന സമ്മേളനം അങ്കമാലിയിൽ

Thursday 30 June 2022 12:12 AM IST

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ( എ.കെ.ജി.എസ്.എം.എ) സംസ്ഥാന സമ്മേളനം ജൂലായ് 3ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2, 3, 4 തീയതികളിൽ സ്വർണാഭരണങ്ങളുടെ അന്തർദേശീയ പ്രദർശനവും 3ന് കേരളത്തിലെ പരമ്പരാഗത ആഭരണങ്ങളടങ്ങിയ 'കേരള ബ്രാൻഡി'ന്റെ ഉദ്ഘാടനവും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പാസ് എടുത്ത വ്യാപാരികൾ പങ്കെടുക്കുന്ന ബിസിനസ് ടു ബിസിനസ് വേദിയിലാണ് ആഭരണപ്രദർശനം.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 15,000 വ്യാപാരികൾ പങ്കെടുക്കും. ആഭരണ പ്രദർശനം ജൂലായ് 2ന് രാവിലെ 10ന് വ്യവസായമന്ത്രി പി. രാജീവും സംസ്ഥാന സമ്മേളനം 3ന് രാവിലെ 11ന് ധനമന്ത്രി കെ.എൻ. ബാലഗോപാലനും ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബെന്നി ബഹനാൻ എം.പി. എന്നിവർ മുഖ്യാതിഥികളാകും.

സ്വർണ്ണത്തിന്റെ ചില്ലറവില്പന വില ഏകീകരണം സംബന്ധിച്ച് വ്യാപാരികൾക്കിടയിൽ സമവായം, ജി.എസ്.ടി നിയമത്തിന്റെ പരിധിയിൽ പുതുതായി ഏർപ്പെടുത്തുന്ന ഇ - വേ ബില്ലിനെതിരായ സമരപരിപാടികൾ എന്നിവ സമ്മേളനം ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ബിന്ദു മാധവ്, സംസ്ഥാന സെക്രട്ടറി കണ്ണൻ ശരവണ, എറണാകുളം ജില്ലാ സെക്രട്ടറി രമേശ് എസ്.പൈ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement