ഇ-വേ ബിൽ സ്വാഗതാർഹം: എം.പി.അഹമ്മദ്

Thursday 30 June 2022 12:14 AM IST

കോഴിക്കോട്: രണ്ടുലക്ഷം രൂപയിൽ കൂടുതലുള്ള സ്വർണാഭരണങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കിയ ജി.എസ്.ടി കൗൺസിൽ തീരുമാനം സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ഇ-വേ ബിൽ സംവിധാനം ഏർപ്പെടുത്തുന്നതോടെ സ്വർണത്തിന്റെ നികുതിവെട്ടിപ്പ് ഒരു പരിധിവരെ തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇ-വേ ബിൽ നടപ്പാക്കിയതുകൊണ്ട് മാത്രം സ്വർണത്തിന്റെ നികുതിവെട്ടിപ്പ് പൂർണമായും തടയാനാകില്ല. സംസ്ഥാനത്തുടനീളം അനധികൃതമായി ധാരാളം ആഭരണനിർമ്മാണശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് സർക്കാർ കണ്ടെത്തി അവയെ നിയമപരിധിയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണം. ഇറക്കുമതി സ്വർണം ഇന്ത്യയിലെത്തുന്നത് മുതൽ അത് എവിടേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തണം. സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നത് മുതൽ ഉപഭോക്താവിന്റെ കൈയിലെത്തുന്നത് വരെ ട്രാക്കിംഗ്
സംവിധാനം ഏർപ്പെടുത്തണം. പഴയസ്വർണം വിൽക്കുമ്പോഴും പണയംവയ്ക്കുമ്പോഴും കൃത്യമായ രേഖകൾ വേണമെന്ന നിബന്ധന ഏർപ്പെടുത്തിയാൽ സ്വർണവ്യാപാര മേഖലയിലെ നികുതിവെട്ടിപ്പ് ഒരുപരിധി വരെ തടയാനാകുമെന്നും എം.പി.അഹമ്മദ് പറഞ്ഞു.

Advertisement
Advertisement