ചെറുമത്സ്യങ്ങളുമായെത്തിയ 5 വള്ളങ്ങൾ പിടിച്ചെടുത്തു
Wednesday 29 June 2022 11:51 PM IST
ചവറ: നീണ്ടകര ഹാർബറിലും സമീപ കടവുകളിലുമായി ചെറുമത്സ്യങ്ങളുമായെത്തിയ അഞ്ച് വള്ളങ്ങൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് പൊലീസും ഫിഷറീസ് അധികൃതരും ചേർന്ന് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മയിൽപീലി, വാസുദേവ്, ശ്രീഗണപതി, ഉണ്ണിക്കുട്ടൻ, മഹാലക്ഷ്മി എന്നീ വള്ളങ്ങളാണ് പിടികൂടിയത്. നീണ്ടകര ഫിഷറീസ് അസി. ഡയറക്ടർ ജെയിൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് സി.ഐ എസ്.എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമനടപടി സ്വീകരിക്കാൻ കേസ് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈറിന് കൈമാറി. നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജെയിൻ, നീണ്ടകര മറൈൻ എൻഫോഴ്‌സ്‌മെന്റ് സി.ഐ എസ്.എസ്.ബൈജു, എസ്.ഐ വി.വിനു തുടങ്ങിയവരും പങ്കെടുത്തു.