പദ്ധതി നിറുത്തലാക്കി, ശക്തി ക്ഷയിച്ച് മഹിള ശക്തികേന്ദ്ര

Thursday 30 June 2022 12:52 AM IST

പത്തനംതിട്ട : വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മഹിള ശക്തികേന്ദ്ര പദ്ധതി നിറുത്തലാക്കി. ജീവനക്കാരുടെ പ്രവർത്തനം ഇന്നുമുതൽ അവസാനിപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. നാലു മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയായിരുന്നു ജീവനക്കാർ. കേന്ദ്ര സർക്കാർ പദ്ധതിയായ മഹിളാ ശക്തികേന്ദ്ര സംസ്ഥാന സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.

സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പരാതികൾ ഓൺലൈനായി കേൾക്കാനുമുള്ള കാതോർത്ത് പദ്ധതി , ഗാർഹിക പീഡന കേസുകളിൽ പരാതി നൽകുന്ന രക്ഷാദൂത്, ശൈശവ വിവാഹം തടയുന്നതിനുള്ള പൊൻവാക്ക്, കൗമാരക്കാർക്കായുള്ള കനൽ തുടങ്ങിയ പദ്ധതികൾ ജില്ലയിൽ ഏകീകരിച്ച് നടപ്പാക്കുന്നത് മഹിളാ ശക്തികേന്ദ്ര ആയിരുന്നു. ഇനിയും ഈ പദ്ധതികൾ എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ല. സംസ്ഥാനത്ത് ആകെ 46 പേരാണ് മഹിളാ ശക്തി കേന്ദ്രയിൽ ജോലി ചെയ്യുന്നത്. ജില്ലയിൽ ഒരു വനിതാ വെൽഫെയർ ഓഫീസറും രണ്ട് ജില്ലാ കോർഡിനേറ്ററുമുണ്ട്. 2020 നവംബർ 2ന് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചത്. ഇവർക്ക് നാൽപ്പത് ശതമാനം ശമ്പളം സംസ്ഥാന സർക്കാരും ബാക്കി കേന്ദ്ര സർക്കാരുമായിരുന്നു നൽകിയിരുന്നത്.

മഹിള ശക്തി കേന്ദ്ര പുനർനാമകരണം നടത്തി കൂടുതൽ മാറ്റത്തോടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും മഹിള ശക്തി കേന്ദ്രയുടെ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു

കാതോർത്ത്, കനൽ, പൊൻവാക്ക്, രക്ഷാദൂത് പദ്ധതികൾ പ്രതിസന്ധിയിൽ