പ്ലാസ്റ്റിക് 'ഉരുകി​'യാൽ കുടുംബശ്രീക്ക് 'വളം'

Thursday 30 June 2022 12:16 AM IST

കൊല്ലം: പ്ളാസ്റ്റിക്കിന് ബദലായി തുണി സഞ്ചികളും പേപ്പർ ബാഗുകളും നിർമ്മിച്ചിട്ടും വിപണി കണ്ടെത്താൻ ക്ളേശിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് പ്രതീക്ഷ പകരുകയാണ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം.

കടകളിൽ നിന്ന് നിസാര വിലയ്ക്കും സൗജന്യമായും ലഭ്യമായിരുന്ന പ്ളാസ്റ്റിക് കിറ്റുകൾക്കും മറ്റും മുന്നിൽ വിലയാണ് കുടുംബശ്രീ ഉത്പന്നങ്ങളുടെ കച്ചവടത്തിന് തടസമായത്. കിറ്റുകൾ കളമൊഴിയുന്നതോടെ ഇടംപിടിക്കാനാവുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ.

തുണി സഞ്ചികൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്ന നൂറോളം യൂണിറ്റുകൾ ജില്ലയിലുണ്ട്. കൂടാതെ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകളുമുണ്ട്. പുനലൂരിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പ്രിമേറോ അപ്പാരൽ പാർക്കിൽ കഴിഞ്ഞ വർഷം നിർമ്മിച്ചത് പതിനായിരക്കണക്കിന് തുണി സഞ്ചികളാണ്. കൂടാതെ വൻതോതിൽ മാസ്കുകളും വിപണിയിലെത്തിച്ചു. 10 ലക്ഷത്തോളം തുണി സഞ്ചികളാണ് ഇവിടെ നിർമ്മിച്ച് സപ്ളൈകോയ്ക്ക് കൈമാറിയത്. 40 ഓളം സ്ത്രീകളുടെ വരുമാന മാർഗം കൂടിയാണ് പാർക്ക്.

114 ഹരിത സംരംഭങ്ങൾ വിവിധ സി.ഡി.എസുകളിലായി പ്രവർത്തിക്കുന്നു. ഹയർ സർവീസ്, തുണി സഞ്ചി, പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്ന സംരംഭങ്ങളിൽ 335 കുടുംബശ്രീ വനിതകൾ ഉപജീവനം തേടുന്നുണ്ട്. ശരാശരി 6000 രൂപ വരുമാനവും ലഭിക്കുന്നു.

ഉത്പന്ന നിർമ്മാണവുമായി പൊരുത്തപ്പെടുംവിധം വിപണി കണ്ടെത്താൻ കുടുംബശ്രീക്ക് കഴിയാതിരുന്നതിനാൽ പ്രതീക്ഷിച്ച വരുമാനം ലഭിച്ചിരുന്നില്ല. പ്ളാസ്റ്റിക് നിരോധനം മുമ്പും പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ ഉത്പന്നങ്ങൾ വിപണിയിൽ തുടർന്നു. നിലവിൽ സർക്കാർ പ്രഖ്യാപനം കർശനമായി നടപ്പാക്കിയാൽ തുണി സഞ്ചികളും പേപ്പർ ബാഗുകളും വിപണിയിൽ തി​ളങ്ങുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ.

വിലയാണ് വില്ലൻ

പച്ചക്കറികളും മറ്റും വാങ്ങാൻ കടകളിൽ നിന്ന് സൗജന്യമായോ നിസാര വിലയ്ക്കോ പ്ളാസ്റ്റിക് സഞ്ചികൾ കിട്ടുമെന്നിരിക്കെ, കുടുംബശ്രീയുടെ തുണി സഞ്ചികൾക്ക് 5 മുതൽ 17 രൂപ വരെയാവും. പേപ്പർ ബാഗുകൾക്ക് 5 മുതൽ 20 വരെയും. പ്രിന്റിംഗുള്ള സഞ്ചിക്കും ബാഗിനുമാണ് വില കൂടുതൽ. വില 'ഉപഭോക്തൃ സൗഹൃദ'മായാൽ വിപണിയിൽ പിടിച്ചു നിൽക്കാനാവുമെന്നാണ് സംരംഭകരുടെയും വിലയിരുത്തൽ.

കുടുംബശ്രീ ഉത്പന്നങ്ങൾ

1. തുണി സഞ്ചികൾ

2. കളിമൺ പാത്രങ്ങൾ

3. തടികൊണ്ടുള്ള ടൂത്ത് ബ്രഷുകൾ

3. തടി കൊണ്ടുളള സ്പൂണുകൾ, ഗ്ളാസുകൾ

4. പേപ്പർ കപ്പ്, ബാഗ്

5. പാളകൊണ്ടുള്ള പ്ളേറ്റുകൾ, കപ്പുകൾ

പ്ളാസ്റ്റിക്കിന് ബദൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ കൂടുതലായി ആരംഭിക്കണം. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ ഇതിന് സജ്ജമാക്കും. നൈപുണ്യ പരിശീലനം നൽകി സംരംഭം തുടങ്ങി വിപണി കണ്ടെത്താനും കുടുംബശ്രീക്ക് കഴിയും

എം.ആർ. ജയഗീത. കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ

Advertisement
Advertisement