തെളിയട്ടെ,സഞ്ജുവിന്റെ സമയം

Thursday 30 June 2022 12:48 AM IST

ഡബ്ലിൻ: ഐ.പി.എല്ലിൽ ബാറ്റെടുത്ത ആദ്യ സീസൺ മുതൽ സഞ്ജു സാംസൺ കാത്തിരിക്കുന്ന ഇന്ത്യൻ ടീമിലെ സ്ഥിരം സ്ഥാനം ഇനി അത്ര അകലെയാവില്ല.കഴിഞ്ഞ രാത്രി ഡബ്ളിനിൽ അയർലാൻഡിന് എതിരായ രണ്ടാം ട്വന്റി-20യിൽ 42 പന്തിൽ നിന്ന് നാലു സിക്‌സും ഒമ്പത് ഫോറുമടക്കം 77 റൺസെടുത്ത സഞ്ജു ഇന്ത്യൻ ജേഴ്‌സിയിലെ തന്റെ ആദ്യ അർദ്ധ സെഞ്ച്വറിയും ഏറ്റവും ഉയർന്ന സ്കോറുമാണ് കുറിച്ചത്. ഐ.പി.എല്ലിലെ മികവ് ദേശീയ ടീമിലെത്തുമ്പോൾ കാട്ടാൻ കഴിയുന്നില്ലെന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി ഈ ഇന്നിംഗ്സ്.ഈ മികവ് നിലനിറുത്തിയാൽ ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിച്ചുനിറുത്താൻ സെലക്ടർമാർക്കും കഴിയില്ല.

ഈ സീസൺ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനൽ വരെയെത്തിച്ച നായകനാണ് സഞ്ജു.എന്നാൽ തുടർന്ന് നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് സ്ഥാനമുണ്ടായിരുന്നില്ല.സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ഒഴിവാക്കിയതിന് ന്യായീകരണമായി പലരും പറഞ്ഞത്. എന്നാൽ ലോകകപ്പിന് മുമ്പ് തനിക്ക് അവസരം ലഭിക്കുമെന്ന സഞ്ജുവിന്റെ പ്രതീക്ഷകൾ വിഫലമായില്ല. മുൻനിര താരങ്ങൾ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റിനായി മാറിയപ്പോൾ ഐറിഷ് മണ്ണിലേക്കുള്ള ട്വന്റി-20 പരമ്പരയിൽ സഞ്ജുവും ഇടം പിടിച്ചു. എന്നിട്ടും അവിടെ ആദ്യ മത്സരത്തിൽ സഞ്ജുവിനെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. മഴ മൂലം ആ കളി നടന്നുമില്ല.

രണ്ടാം മത്സരത്തിൽ ഓപ്പണറായി കളിക്കാൻ ലഭിച്ച അവസരം സഞ്ജു ശരിക്കും മുതലാക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് സഞ്ജു തുടങ്ങിയത്. മൂന്നാം ഓവറിൽ ഇഷാൻ കിഷൻ പുറത്തായ ശേഷമെത്തിയ ദീപക് ഹൂഡയ്ക്കൊപ്പം സഞ്ജു കാഴ്ചവച്ച ഇന്നിംഗ്സ് ട്വന്റി-20യ്ക്ക് അനുയോജ്യമായ രീതിയിലായിരുന്നു. ഹൂഡ മികച്ച ഷോട്ടുകൾ ഉതിർത്തപ്പോൾ സഞ്ജു സ്ട്രൈക്ക് കൈമാറി പ്രോത്സാഹിപ്പിച്ചു. തിരിച്ച് സഞ്ജുവിനും ആ പിന്തുണ കിട്ടി.

ഇനി എങ്ങനെ ?

ഈ വർഷത്തെ ലോകകപ്പിനായി ടീമൊരുക്കാനുള്ള കരുനീക്കങ്ങളിലാണ് കോച്ച് രാഹുൽ ദ്രാവിഡ്. സഞ്ജു ഉൾപ്പടെയുള്ള താരങ്ങൾക്ക് അവസരം നൽകി പരീക്ഷണം നടത്തുകയാണിപ്പോൾ. ദീപക് ഹൂഡ,ഇഷാൻ കിഷൻ,ദിനേഷ് കാർത്തിക് തുടങ്ങിയവരെക്കൂടാതെ ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും പോലുള്ള സീനിയേഴ്സിന്റെ കൂടി വെല്ലുവിളിയാണ് ലോകകപ്പ് ടീമിൽ ഒരു ഇടത്തിന് വേണ്ടി സഞ്ജു നേരിടേണ്ടത്. അതത്ര എളുപ്പമാകില്ല. തന്നെ ഒഴിവാക്കാൻ പാടില്ലെന്ന് സെലക്ടർമാരെക്കൊണ്ട് ചിന്തിപ്പിക്കുന്ന പ്രകടനമാണ് ഇനി ലഭിക്കുന്ന അവസരങ്ങളിൽ സഞ്ജു പുറത്തെടുക്കേണ്ടതെന്ന് സാരം. ഇംഗ്ളണ്ടിനെതിരായ മൂന്ന് ട്വന്റി-20 കളുടെ പരമ്പരയാണ് അടുത്തതായി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അതിന് ശേഷം വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ അഞ്ച് ട്വന്റി-20കൾ കളിക്കുന്നുണ്ട്. ഇതിൽ കുറച്ചുമത്സരങ്ങളിലെങ്കിലും സഞ്ജുവിന് അവസരം ലഭിക്കാതിരിക്കില്ല. ഓപ്പണർ,ഫസ്റ്റ് ഡൗൺ, സെക്കൻഡ് ഡൗൺ,ഫിനിഷർ പൊസിഷനുകളിലേതിലും പരിഗണിക്കാൻ തക്കവിധം തയ്യാറായിരിക്കേണ്ടതുമുണ്ട്.

176

ട്വന്റി-20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏത് വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് അയർലാൻഡിനെതിരെ സഞ്ജുവും ദീപക് ഹൂഡയും ചേർന്ന് സൃഷ്ടിച്ചത്. 2017ൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും ചേർന്ന് ലങ്കയ്ക്കെതിരെ ഉയർത്തിയ 165 റൺസിന്റെ റെക്കാഡാണ് സഞ്ജു-ദീപക് സഖ്യം മറികടന്നത്.

ജഡേജയോട് മലയാളം പറഞ്ഞ് സഞ്ജു

മത്സരത്തിനു ശേഷം ചാനലിലെ ലൈവ് അഭിമുഖത്തിൽ സഞ്ജു മുൻ ഇന്ത്യൻ താരം അജയ് ജഡേജയോട് മലയാളത്തിൽ സംസാരിച്ചത് വൈറലായി. ജഡേജയുടെ അമ്മ മലയാളിയാണ്, ആലപ്പുഴ സ്വദേശിയും. സഞ്ജുവിനോട് 'കേരളത്തിൽ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നത് 'എന്ന് പറഞ്ഞാണ് ജഡേജ സംസാരിച്ച് തുടങ്ങിയത്. വ്യക്തിഗതമായ ഉയർന്ന സ്‌കോർ സ്വന്തമാക്കിയതിൽ അഭിനന്ദിച്ച ജഡേജ ഹൂഡയെപ്പോലെ സെഞ്ച്വറി നേടാനാകാത്തതിൽ നിരാശയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് സഞ്ജു മലയാളത്തിൽ മറുപടി പറഞ്ഞ് തുടങ്ങിയത്. 'അജയ് ഭായ്,നമസ്‌കാരം. സുഖമാണല്ലോ അല്ലേ?' എന്ന സഞ്ജുവിന്റെ ചോദ്യത്തിന് 'ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?' എന്ന് ജഡേജ മലയാളത്തിൽ തന്നെ മറുപടി നൽകി. ഭക്ഷണമൊക്കെ കഴിച്ചോ എന്ന് ജഡേജയോട് തുടർന്ന് മലയാളത്തിൽ ചോദിച്ചതിന് ശേഷമാണ് സഞ്ജു ഇംഗ്ളീഷിലേക്ക് മാറിയത്.

ആദ്യ ട്വന്റി 20 മത്സരത്തിൽ കളിച്ചില്ലെങ്കിലും സഞ്ജു ആരാധകരെ കൈയിലെടുത്തിരുന്നു. മത്സരത്തിനിടെ ബൗണ്ടറിക്കരികിൽക്കൂടി നടന്നുപോയ സഞ്ജുവിനെ വിളിച്ച് ഓട്ടോഗ്രാഫ് വാങ്ങാനും സെൽഫിയെടുക്കാനും മലയാളികളടക്കമുള്ളവരുടെ ബഹളമായിരുന്നു.രണ്ടാം മത്സരത്തിനുള്ള ടോസിംഗിന് ശേഷം സഞ്ജു ടീമിലുണ്ടെന്ന് നായകൻ ഹാർദിക് പാണ്ഡ്യ അറിയിച്ചപ്പോൾ ഗാലറിയിലെ ആരാധകരുടെ സന്തോഷപ്രകടനം ഹാർദിക്കിനെയും ഞെട്ടിച്ചിരുന്നു.

Advertisement
Advertisement