500 ദിനം പിന്നിട്ട് നന്മവണ്ടി

Thursday 30 June 2022 1:22 AM IST
നന്മവണ്ടി പ്രവർത്തകർ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു

തൊടിയൂർ: അശരണർക്ക് ഭക്ഷണമെത്തിക്കുന്ന നന്മവണ്ടിയുടെ പ്രയാണം 500 ദിനം പിന്നിടുന്നു. കരുനാഗപ്പള്ളി നഗരസഭ ജീവനക്കാരൻ എം.കെ.ബിജുമുഹമ്മദ്, തൊടിയൂരിലെ ഫോട്ടോഗ്രാഫർ ഹാരീസ്ഹാരി എന്നിവരുടെ ആസൂത്രണത്തിൽ നടപ്പാക്കിയ നന്മവണ്ടി, പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ, ഓച്ചിറ ബസ് സ്റ്റാൻഡ് പരിസരത്തെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന വയോധികർ, അംഗ പരിമിതർ, നിരാശ്രയർ തുടങ്ങി നൂറോളം പേർക്കാണ് നിത്യവും പ്രഭാത ഭക്ഷണം എത്തിക്കുന്നത്.

ഇ‌ഡലി, വെള്ളയപ്പം,ഇടിയപ്പം,വീശപ്പം തുടങ്ങിയവ സ്വാദിഷ്ടമായ കറികൾ സഹിതമാണ് വിളമ്പുന്നത്. കലർപ്പില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് നന്മ വണ്ടിയുടെ അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കി വാഴയിലയിലാണ് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത്. ഓരോ ദിവസത്തേയും ഭക്ഷണം വ്യക്തികളും സംഘടനകളുമാണ് സ്പോൺസർ ചെയ്യുന്നത്.

നന്മവണ്ടി പ്രവർത്തകർ നേരിട്ടാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. രാവിലെ 7 ന് പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലും 8 ന് ഓച്ചിറ ബസ് സ്റ്റാൻഡ് പരിസരത്തും നന്മ വണ്ടി എത്തിച്ചേരും. കരുനാഗപ്പള്ളി താലൂക്കിലെ അന്നദാന ചരിത്രത്തിൽ ആദ്യമായിട്ടാണ് 500 ദിവസം തുടർച്ചയായി ഭക്ഷണ വിതരണം നടക്കുന്നതെന്ന് നമ വണ്ടിയുടെ സംഘാടകർ പറയുന്നു. വടക്കുംതല സർദാർ വല്ലഭായ് പട്ടേൽ സ്മാരക എച്ച്. എസ്. ഹെഡ്മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ അബ്ദുൽഷുക്കൂറാണ് നന്മ വണ്ടിയുടെ രക്ഷാധികാരി.