അതിരൂപതാ ഭൂമിയിടപാട് കേസ്: കർദ്ദിനാൾ ഹാജരാകണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു

Thursday 30 June 2022 2:05 AM IST

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി നേരിട്ടുഹാജരായി ജാമ്യമെടുക്കണമെന്ന കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഉത്തരവിനെതിരെ കർദ്ദിനാൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്നതുവരെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച് ഹർജി ജൂലായ് 20ന് വീണ്ടും പരിഗണിക്കും.

ഭൂമിയിടപാട് കേസിൽ ജൂലായ് ഒന്നിന് നേരിട്ടുഹാജരാകാനാണ് കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി കർദ്ദിനാളിന് നിർദ്ദേശം നൽകിയിരുന്നത്.

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുകളിൽ ക്രമക്കേടുണ്ടെന്നും ഇതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാരോപിച്ച് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് അഡ്വ. സി. രാജേന്ദ്രൻ മുഖേന നൽകിയ ഏഴ് പരാതികളാണ് മജിസ്ട്രേട്ട് കോടതി പരിഗണിക്കുന്നത്.

Advertisement
Advertisement