സ്വകാര്യ ബസുകൾ സ്റ്റോപ്പുകളിൽ നിറുത്തുന്നില്ല: വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ദുരിതം

Thursday 30 June 2022 2:06 AM IST

  • ചെട്ടിപ്പടി ചേളാരി റൂട്ടിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തണമെന്ന് ആവശ്യം

പരപ്പനങ്ങാടി: ചെട്ടിപ്പടി ചേളാരി റൂട്ടിൽ സ്വകാര്യ ബസുകൾ സ്റ്റോപ്പുകളിൽ നിറുത്തുന്നില്ലെന്ന് പരാതി. കാത്തുനിൽക്കുന്നവരെ അവഗണിച്ച് സ്റ്റോപ്പുകളിൽ നിറുത്താതെ ബസുകൾ മത്സര ഓട്ടം നടത്തുന്നതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ബസ് സർവീസുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്.

ചെട്ടിപ്പടി കഴിഞ്ഞാൽ കുപ്പിവളവ് കൊടക്കാട്, കൂട്ടുമൂച്ചി, തയിലക്കടവ്, ചേളാരി എന്നിവിടങ്ങളിലാണ് ലിമിറ്റഡ് ബസുകൾ നിറുത്തുന്ന സ്‌റ്റോപ്പുകൾ ഉള്ളത്. ഇതിനിടക്കുള്ള സ്റ്റോപ്പുകളിൽ കാത്തു നിൽക്കുന്നവരെ കയറ്റാതെ രാവിലെ 8 മുതൽ 10 വരെയുള്ള സ്‌കൂൾ ഓഫീസ് സമയങ്ങളിലടക്കം മറ്റ് ബസുകളും മത്സരഓട്ടം നടത്തുന്നു. ചേളാരി ജി.വി.എച്ച്.എസ്, യൂണിവേഴ്സിറ്റി മോഡൽ സ്‌കൂൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്ക് 10 മണിക്ക് മുമ്പായി എത്തേണ്ട വിദ്യാർത്ഥികളും ജീവനക്കാരും മെഡിക്കൽ കോളേജിലേക്കടക്കമുള്ള രോഗികളുമാണ് ഇതോടെ പെരുവഴിയിലാകുന്നത്. ഈ റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ കൃത്യമായ പരിശോധനയില്ലാത്തതാണ് ബസുകളുടെ മത്സര ഓട്ടം പതിവാകുന്നതിനിടയാക്കുന്നതെന്നും പറയുന്നു. റൂട്ടിൽ നേരത്തെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഇപ്പോൾ കുറവാണ്. കോഴിക്കോട് പൊന്നാനി ഗുരുവായൂർ റൂട്ടിലേക്ക് ചമ്രവട്ടം വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളാണ് ഷെഡ്യൂൾ കുറച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിൽ കൂടുതൽ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Advertisement
Advertisement