മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധനസഹായം: മെഡിക്കൽ സർട്ടിഫിക്കറ്റിന് മാനദണ്ഡം

Thursday 30 June 2022 2:09 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിനുള്ള അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാനദണ്ഡങ്ങൾ റവന്യുവകുപ്പ് പുറത്തിറക്കി. മാനദണ്ഡപ്രകാരമുള്ള സർട്ടിഫിക്കറ്റുകളും രേഖകളും അപേക്ഷകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ, തഹസീൽദാർ,ജില്ലാ കളക്ടർ എന്നിവർ ഉറപ്പുവരുത്തണം.

മാനദണ്ഡങ്ങൾ

*ചികിത്സിക്കുന്ന ഡോക്ടർമാർ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.ചികിത്സയ്ക്ക് ചെലവഴിച്ച തുകയും തുടർചികിത്സയ്ക്ക് ആവശ്യമായ തുകയും വ്യക്തമായ പരിശോധനയ്ക്ക് ശേഷം രേഖപ്പെടുത്തണം.

*ഓരോ ചികിത്സാ വിഭാഗത്തിലെ ഡോക്ടർമാരും അവരുടെ ചികിത്സാ വിഭാഗവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.

*തന്റെ ചികിത്സയിലിരിക്കുന്ന രോഗികൾക്കല്ലാതെ മറ്റാർക്കെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ട സാഹചര്യം വരുമ്പോൾ ചികിത്സാ രേഖകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷം മാത്രം നൽകണം.

*പി.എച്ച്.സി/ സി.എച്ചി.സി/ എഫ്.എച്ച്.സി എന്നിവിടങ്ങളിൽ നിന്നു നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 5000 രൂപയ്ക്ക് മുകളിൽ ചികിത്സാ ചെലവായി രേഖപ്പെടുത്തുന്ന ഘട്ടങ്ങളിൽ ചികിത്സാ രേഖകൾ കൂടി ഉൾപ്പെടുത്തണം.

Advertisement
Advertisement