ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ സെറ്റിൽമെന്റ് ആക്ട്: മന്ത്രി രാജൻ

Thursday 30 June 2022 2:11 AM IST

തിരുവനന്തപുരം: വസ്തുക്കളുടെ അധികവിസ്തീർണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ സെറ്റിൽമെന്റ് ആക്ട് രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.

ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കും.രണ്ടാമത് ജില്ലാ റവന്യൂ അസംബ്ലിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരു വർഷത്തിനുള്ളിൽ 54,000 പേർക്ക് പട്ടയം നൽകാനായി. ഈ വർഷം മലയോര, ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിനാണ് മുൻതൂക്കം. എല്ലാ മണ്ഡലത്തിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ റവന്യൂവുമായി ബന്ധപ്പെട്ട് ഒരു വർഷം മുതൽ മൂന്നു വർഷം വരെ നടപ്പാക്കാവുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം വിളിച്ചു കൂട്ടണം. ഡെപ്യൂട്ടി കളക്ടർമാരെ നോഡൽ ഓഫീസർമാരായി നിയമിക്കും. മൂന്ന് വർഷത്തിനുള്ളിൽ ഭൂമിയില്ലാത്തവരെ കണ്ടെത്തി മണ്ഡലത്തിൽ എവിടെയെങ്കിലും ഭൂമി ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണം.

മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവരും സന്നിഹിതരായിരുന്നു.