തെരുവുനായകളെ കൊന്ന കേസ്: ജോസ് മാവേലിക്ക് തടവും പിഴയും

Thursday 30 June 2022 2:14 AM IST

ആലുവ: തെരുവുനായകളെ കൊന്ന കേസിൽ ഒന്നാംപ്രതി ആലുവ സ്വദേശി ജോസ് മാവേലിക്ക് കോടതി പിരിയുംവരെ തടവും 4550 രൂപ പിഴയും വിധിച്ചു. വർക്കല ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്. ജോസ് മാവേലി വൈകിട്ടുവരെ കോടതിയിൽ നിന്ന് ശിക്ഷയേറ്റുവാങ്ങി. പിഴയും അടച്ചു.

2016ൽ വർക്കല സ്വദേശി രാഘവൻ (90) വീടിന് സമീപം നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് കേസിനാധാരം. ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം നായ്ക്കളുടെ ആക്രമണമേറ്റവർക്ക് നഷ്ടപരിഹാരം വാങ്ങി നൽകുന്നതിനുമായി ജോസ് മാവേലി രൂപീകരിച്ച തെരുവുനായ സമരസമിതി വർക്കലയിലെത്തി. അപ്പോഴേക്കും നാട്ടുകാരും വർക്കല നഗരസഭാ കൗൺസിലർമാരുമെല്ലാം ചേർന്ന് തെരുവുനായ്ക്കളെ വകവരുത്തിയിരുന്നു. ജോസ് മാവേലിയുടെ പ്രേരണയാലാണ് അവർ ഇപ്രകാരം ചെയ്തതെന്നാരോപിച്ച് മൃഗസ്‌നേഹികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കൗൺസിലർമാരടക്കം ആറ് പ്രതികൾ ഉണ്ടായിരുന്നെങ്കിലും ജോസ് മാവേലി മാത്രമാണ് കോടതിയിൽ ഹാജരായി ശിക്ഷ ഏറ്റുവാങ്ങിയത്. നേരത്തെ എട്ട് കേസുകളിൽ സമാനകുറ്റത്തിന് ജോസ് മാവേലിക്ക് കോടതി പിഴശിക്ഷ നൽകിയിരുന്നു.

Advertisement
Advertisement