അരി വളഞ്ഞ വഴിയിലൂടെ; കടത്തുകൂലിയിൽ വൻനഷ്ടം നേരിട്ട് സപ്ലൈക്കോ

Thursday 30 June 2022 2:24 AM IST

മലപ്പുറം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് റേഷൻ വിതരണത്തിനുള്ള അരി അങ്ങാടിപ്പുറം ഗോഡൗണിൽ നിന്ന് എത്തിക്കണമെന്ന സപ്ലൈക്കോയുടെ ആവശ്യം പരിഗണിക്കാതെ എഫ്.സി.ഐ പാലക്കാട് ഡിവിഷണൽ അധികൃതർ. അങ്ങാടിപ്പുറത്തിന് പകരം പാലക്കാട്ടെ ഒലവക്കോട് ഗോഡൗണിനെ ആശ്രയിക്കുന്നതിലൂടെ കടത്തുകൂലിയിൽ ഇരട്ടിയോളം അധിക ചെലവ് വരുന്നതും സമയബന്ധിതമായി ലോഡുകൾ വിട്ടുകിട്ടാത്ത സാഹചര്യവും ചൂണ്ടിക്കാട്ടി എഫ്.സി.ഐ പാലക്കാട് ഡിവിഷണൽ മാനേജർക്ക് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരാതി നൽകിയിരുന്നു. ഒലവക്കോട് നിന്നെത്തിക്കുന്ന അരി പലപ്പോഴും പഴകിയതും ദ്രവിച്ച ചാക്കുകളിൽ സംഭരിച്ചതാണെന്നും വിതരണത്തിന് നൽകാൻ പറ്റാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും കാണിച്ച് റേഷൻ കടയുടമകളും രംഗത്തുവന്നിരുന്നു. ഭക്ഷ്യവിതരണ വകുപ്പിന്റെ ഇടപെടലിന് പിന്നാലെ ഈ പ്രവണത കുറഞ്ഞിട്ടുണ്ട്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട് താലൂക്കുകളിലേക്കുള്ള ഭക്ഷ്യധാന്യം എഫ്.സി.ഐയുടെ അങ്ങാടിപ്പുറം ഗോഡൗണിൽ നിന്ന് അനുവദിക്കണമെന്നാണ് സപ്ലൈക്കോയുടെ ആവശ്യം. ഇവിടങ്ങളിലേക്ക് ഒരുമാസം 150 ലോഡ് അരിയാണ് ഒലവക്കോടിൽ നിന്ന് കൊണ്ടുവരുന്നത്.


വളഞ്ഞ വഴിയിൽ ചെലവ് ഭീമം
ഒലവക്കോട് എഫ്.സി.ഐയിൽ നിന്ന് ഏറനാട് താലൂക്കിലേക്ക് ഒരുകിന്റൽ അരിക്ക് കടത്തുകൂലിയായി ഈടാക്കുന്നത് 109.70 രൂപയാണ്. അതേസമയം അങ്ങാടിപ്പുറം ഗോഡൗണിൽ നിന്നാണെങ്കിൽ 66 രൂപ മതി. ഒരുകിന്റലിന്മേൽ മാത്രം 43.7 രൂപ ലാഭം. ഒലവക്കോട് നിന്ന് നിലമ്പൂരിലേക്ക് 126.40 രൂപയാണ് കിന്റലിന് കടത്തുകൂലി. അങ്ങാടിപ്പുറത്ത് നിന്നെങ്കിൽ 95 രൂപ മതി. 29.40 രൂപയുടെ അധിക ചെലവ്. അങ്ങാടിപ്പുറത്ത് എഫ്.സി.ഐ ഗോഡൗൺ ഉണ്ടായിട്ടും ഒലവക്കോട് നിന്ന് ഭക്ഷ്യധാന്യങ്ങൾ പെരിന്തൽമണ്ണ താലൂക്കിലേക്ക് എത്തിക്കുന്നതിന് ഒരുകിന്റലിന് 39.36 രൂപയാണ് സപ്ലൈക്കോയ്ക്ക് നഷ്ടം വരുന്നത്. അങ്ങാടിപ്പുറം എഫ്.സിഐ ഗോഡൗണിൽ നിന്നുള്ള കടത്തുകൂലി കിന്റലിന് 50.66 രൂപ മതി. എന്നാൽ 90 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.

മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലേക്ക് ഒലവക്കോട് നിന്ന് ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ യാ‌ത്രാദൈർഘ്യമുണ്ട്.

Advertisement
Advertisement