ഗുജറാത്ത് കലാപ ബാധിതരെ കാണാതെ മുങ്ങിയത് യെച്ചൂരിയെന്ന് സതീശൻ

Thursday 30 June 2022 2:37 AM IST

തിരുവനന്തപുരം: നരേന്ദ്രമോദിയെ പേടിച്ച് ഗുജറാത്തിലെത്തിയിട്ടും കലാപബാധിതരെ കാണാതെ സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ മുങ്ങിയതായി ടീസ്ത സെതൽവാദ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം നിയമസഭയിൽ സോണിയഗാന്ധിക്കെതിരെ ആർ.ബി. ശ്രീകുമാറിന്റെ പുസ്തകത്തിലെ വരികൾ ഉദ്ധരിച്ച മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായി, കൃഷ്ണൻ മോഹൻലാലിന്റെ 'ഗുജറാത്ത് തീവ്രസാക്ഷ്യങ്ങൾ' എന്ന പുസ്തകത്തിലെ വരികൾ വായിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് കലാപത്തിനിടെ പരിചയമുള്ള എം.പിമാരായ ശബാന ആസ്‌മി, രാജ്ബബ്ബർ, അമർസിംഗ്, സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ വിളിച്ച് അടിയന്തരമായി ഗുജറാത്തിലെത്തി ജനങ്ങളെ കാണാൻ ടീസ്ത അഭ്യർത്ഥിച്ചിരുന്നതായി പുസ്തകത്തിലുണ്ട്. യാചിച്ചിട്ടും നാലുപേരും മടിച്ചുനിന്നു. നിരന്തര അഭ്യർത്ഥനയ്ക്കൊടുവിൽ അഹമ്മദാബാദിലെത്തിയ യെച്ചൂരിയെയും സംഘത്തെയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ നിയന്ത്രവിധേയമാണെന്നറിയിച്ചു. ജനങ്ങളെ കാണണമെന്ന് ടീസ്ത പറഞ്ഞപ്പോൾ പുറത്തിറങ്ങാനാവുന്നില്ലെന്ന് ശബാന പറഞ്ഞു. പിറ്റേന്ന് രാവിലെ 9ന് കലാപബാധിതരെ അങ്ങോട്ട് കൊണ്ടുവരാമെന്ന് ടീസ്ത പറഞ്ഞത് നാലുപേരും സമ്മതിച്ചെങ്കിലും മോദിയെ പേടിച്ച് രാവിലെ എട്ടിനുള്ള വിമാനത്തിൽ സംഘം ഡൽഹിക്ക് പോയെന്നും പുസ്തകത്തിൽ പറയുന്നു.