അമ്മ ആരുടെയും സ്വകാര്യ സ്വത്തല്ല: ഗണേശ്‌കുമാർ
കൊല്ലം: താരസംഘടനയായ അമ്മ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ ഇടവേള ബാബു ഒറ്റയ്ക്കല്ല, ചില പുതിയ ബുദ്ധിജീവികളുണ്ടെന്നും നടനും എം.എൽ.എയുമായ കെ.ബി. ഗണേശ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുറ്റാരോപിതനെ സഹായിക്കുന്നുവെന്ന അതിജീവതയുടെ പരാതി നിലനിലനിൽക്കവെ, അമ്മ ക്ലബ്ബാണെന്ന് പറഞ്ഞൊഴിയുകയാണ് ഇടവേള ബാബു. ഇതാരെ രക്ഷിക്കാനാണ്.
സമാന കേസിൽ നടൻ ദിലീപ് ചെയ്തതുപോലെ വിജയബാബു രാജിവയ്ക്കുകയോ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടുകയോ വേണം. ഇടവേള ബാബുവിന്റെ ദുബായ് യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്ന ആരോപണത്തിന് മറുപടിയില്ല. പഴയ കാര്യങ്ങൾ ചർച്ച ചെയ്യാനാണെങ്കിൽ 'ഇടവേള ബാബുവും അമ്മയും" എന്ന വിഷയത്തിൽ സംവാദത്തിന് തയ്യാർ.
ബാബുവിനെ ചലച്ചിത്ര വികസന കോർപ്പറേഷൻ വൈസ് ചെയർമാനാക്കിയത് താനാണ്. ബാബു അതൊക്കെ മറന്നിട്ടുണ്ടാകും. സുഹൃത്താണെങ്കിലും അമ്മയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ അതൃപ്തിയുണ്ട്. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചർച്ചയിൽ പങ്കെടുത്തിട്ടില്ല. ബാബുവിനെ വിളിച്ച് പങ്കെടുക്കാത്ത യോഗത്തിൽ താൻ എതിർത്തെന്ന വാർത്ത വരുന്നതിലുള്ള പ്രതിഷേധം അറിയിച്ചിരുന്നു. ജഗതി ശ്രീകുമാറിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത് ശരിയല്ല. കേസിൽ കുറ്റവിമുക്തനായ ആളാണ് ജഗതി.
അമ്മ ക്ലബ്ബാക്കാൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചോയെന്ന് അറിയാൻ മോഹൻലാലിന് തുറന്ന കത്തെഴുതും. സംഘടനയിൽ പിളർപ്പുണ്ടാക്കില്ലെന്നും ഗണേശ്കുമാർ പറഞ്ഞു.
അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ടുപേർക്ക് വീടുവച്ച് നൽകിയെന്ന ഷമ്മി തിലകന്റെ ആരോപണം ശരിയാണ്. എക്സി. കമ്മിറ്റിയുടെ തീരുമാനപ്രകാരമാണത്.
-കെ.ബി. ഗണേശ് കുമാർ എം.എൽ.എ