വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീം കോടതിയിൽ

Thursday 30 June 2022 2:46 AM IST

ന്യൂഡൽഹി:പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിജയ ബാബു ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ വിദേശത്ത് നിന്ന് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ല. ഇര പരാതി നൽകിയ കാര്യവും ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും മനസ്സിലാക്കിയ ശേഷം അന്വേഷണത്തിൽ നിന്നും ഒളിച്ചോടാനാണ് വിജയ ബാബു വിദേശത്തേക്ക് കടന്നത്. ഈ വസ്തുത ഹൈക്കാടതി പരിഗണിച്ചില്ലെന്ന് അപ്പീലിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിന്റെ ആഴവും സ്വഭാവവും കണക്കിലെടുത്ത് മാത്രമെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാവൂയെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്തത് ബലാത്സംഗ കേസ് ആണെന്ന വസ്തുത മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതി പരിഗണിച്ചില്ല. ഈ കാരണങ്ങളാൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം ഉടൻ റദ്ദാക്കണമെന്ന് സ്റ്റാന്റിംഗ് കൗൺസിൽ സി.കെ ശശി സമർപ്പിച്ച അപ്പീലിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement