സ്വപ്ന കിലുക്കത്തിലെ രേവതിയെപ്പോലെ, സതീശൻ മോഹൻലാലിനെപ്പോലെയും: പരിഹാസവുമായി എം സ്വരാജ്

Thursday 30 June 2022 4:04 PM IST

പത്തനംതിട്ട: കോൺഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. ‘കിലുക്കം’ എന്ന സിനിമയിലെ രേവതിയെപ്പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും ഇതിനെല്ലാം വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെന്നും പത്തനംതിട്ടയിൽ നടന്ന ഒരു പരിപാടിയിൽ സ്വരാജ് പറഞ്ഞു.

'കേരളത്തിൽ കോൺഗ്രസുകാർ കാതോർക്കുന്നത് കള്ളക്കടത്തുകാരിയായ സ്വപ്നയുടെ വാക്കുകൾക്കാണ്. തട്ടിപ്പുകാരിയുടെ വാക്കുകേട്ട് തല്ലുകൊള്ളേണ്ടി വന്ന യൂത്ത് കോൺഗ്രസുകാരെ കാലം വിലയിരുത്തും. നോക്കി നിൽക്കുമ്പോൾ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറി. കോൺഗ്രസിനെ ഇന്ന് ഭൂതക്കണ്ണാടി ഉപയോഗിച്ച് നോക്കിയാലേ കാണാൻ കഴിയൂ. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതാപരമായ ഒരു ആരോപണം പാേലും ഉയർത്താൻ യു ഡി എഫിന് കഴിയുന്നില്ല.- സ്വരാജ് പറഞ്ഞു.

Advertisement
Advertisement