പേവിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നൽകി

Thursday 30 June 2022 6:00 PM IST

തിരുവനന്തപുരം: പാലക്കാട് പേവിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുക.

പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി(18) ആണ് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേയ്ക്ക് പോകാനിറങ്ങിയ ശ്രീലക്ഷ്മിയെ അടുത്ത വീട്ടിലെ നായ കടിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സിനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.

രണ്ട് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ നടത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ ബിസിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. അമ്മ- സിന്ധു, സഹോദരങ്ങൾ- സനത്ത്, സിദ്ധാർത്ഥ്.

Advertisement
Advertisement