വിലക്കിയിട്ടും വിപണിയിൽ സുലഭം: പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ

Friday 01 July 2022 12:33 AM IST

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിരോധനം ഇന്ന് നിലവിൽ വരും. സംസ്ഥാന സർക്കാർ ഇവ രണ്ടരവർഷം മുമ്പ് നിരോധിച്ചിട്ടും വിപണിയിൽ സുലഭമാണ്. നിരോധനമുള്ളതിനാൽ വീണ്ടുമൊരു ഉത്തരവോ സർക്കുലറോ വേണ്ടെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്. പ്ലാസ്റ്റിക് ഉപയോഗത്തിൽ കൊവിഡ് കാലത്തനുവദിച്ച ഇളവുകൾ തുടരില്ലെന്നും ഹരിത ചട്ട പ്രകാരം നടപടികയെടുക്കുമെന്നും ഹരിതകേരളം മിഷനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

 10,000 മുതൽ പിഴ

ആദ്യഘട്ടത്തിൽ പതിനായിരവും രണ്ടാംഘട്ടത്തിൽ 25,000 രൂപയും തുടർന്ന് അമ്പതിനായിരവുമാണ് പിഴത്തുക. മൂന്ന് തവണ നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ നിർമ്മാണ/പ്രവർത്തനാനുമതി റദ്ദാക്കാൻ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്, തദ്ദേശ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് അധികാരമുണ്ട്.

 നിരോധിത ഉത്പന്നങ്ങൾ

പ്ലാസ്റ്റിക് സ്റ്റിക്കുള്ള ഇയർ ബഡ്, ബലൂണിന്റെ പ്ലാസ്റ്റിക് സ്റ്റിക്ക്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്ക്, ഐസ്‌ക്രീം സ്റ്റിക്ക്, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീൻ (തെർമോകോൾ), പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, കത്തി, സ്‌ട്രോ, ട്രേ, മധുരപ്പെട്ടി പൊതിയുന്ന ഫിലിം, ഇൻവിറ്റേഷൻ കാർഡ്, സിഗരറ്റ് പായ്ക്കറ്റ്, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്, പി.വി.സി ബാനർ, സ്റ്റിക്കർ

 കേരളത്തിൽ 2020 മുതൽ നിരോധനം

2020 ജനുവരി മുതലാണ് കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധിച്ചത്. പ്ലാസ്റ്റിക് കാരി ബാഗ് (കേന്ദ്രം നിരോധിച്ചത് 120 മൈക്രോൺ വരെ), പ്ലാസ്റ്റിക് ഷീറ്റ് (മേശ വിരി), ക്ലിംഗ് ഫിലിം പ്ലേറ്റ്, കപ്പ്, തെർമോക്കോൾ, സ്റ്റൈറോഫോം അലങ്കാരവസ്തുക്കൾ, പ്ലേറ്റ്, സ്‌പൂൺ, ഫോർക്ക്, സ്‌ട്രോ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പ്, ബൗൾ, കാരി ബാഗ്, പ്ലാസ്റ്റിക് ഫ്ളാഗ്, നോൺ വൂവൺബാഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ച്, പ്ലാസ്റ്റിക് ജ്യൂസ് പായ്‌ക്കറ്റ് ,300 എം എല്ലിന് താഴെയുള്ള PET/PETE ബോട്ടിൽ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ളെക്‌സ്, പ്ലാസ്റ്റിക് പാക്കറ്റ് തുടങ്ങിയവ നിരോധിക്കുന്നത്.

Advertisement
Advertisement