63000 പ്രാഥമിക കാ‍ർഷിക വായ്പാസംഘങ്ങൾ കമ്പ്യൂട്ട‍ർവത്കരിക്കും

Friday 01 July 2022 12:25 AM IST

ന്യൂഡൽഹി: പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ (പി.എ.സി.എസ്) കമ്പ്യൂട്ടർവത്കരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നൽകി. പി.എ.സി.എസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അനുമതി. പി.എ.സി.എസിന് അവരുടെ വ്യവസായം വൈവിദ്ധ്യവത്കരിക്കാനും നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ഇത് അവസരമൊരുക്കും. കേന്ദ്രഗവൺമെന്റിന്റെ 1528 കോടി രൂപ വിഹിതമുൾപ്പെടെ ആകെ 2516 കോടി രൂപയുടെ ബഡ്‌ജറ്റ് അടങ്കലോടെ അഞ്ചുവർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമായ ഏകദേശം 63,000 പി.എ.സി.എസുകൾ കമ്പ്യൂട്ടർവത്‌കരിക്കാനാണ് പദ്ധതി നിർദേശം.

ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന, ഏകദേശം 13 കോടി കർഷകർ അംഗങ്ങളായ രാജ്യത്തെ ത്രിതല ഹ്രസ്വകാല സഹകരണ വായ്പയുടെ (എസ്.ടി.സി.സി) താഴെത്തട്ടിലുള്ളതാണ് പ്രാഥമിക കാർഷിക സഹകരണ വായ്പാസംഘങ്ങൾ (പി.എ.സി.എസ്). രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നൽകുന്ന കെ.സി.സി വായ്പകളിൽ 41 ശതമാനം പി.എ.സി.എസ് മുഖേനയാണ്.