കീം പരീക്ഷ നാലിന്, എഴുതുന്നത് 1.22 ലക്ഷം പേർ

Friday 01 July 2022 12:00 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയായ കീം നാലിന് നടക്കും. ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡൽഹി, മുംബയ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. 346 പരീക്ഷാ കേന്ദ്രങ്ങളിലായി 1,22,083 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. രാവിലെ 10 മുതൽ 12.30വരെ ഫിസിക്സ്- കെമിസ്ട്രി ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30 മുതൽ 5വരെ മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ്. ഫാർമസി പ്രവേശനത്തിന് മാത്രം അപേക്ഷിച്ചവർ രാവിലത്തെ ഒന്നാം പേപ്പർ എഴുതിയാൽ മതി.

അഡ്മിറ്റ് കാർഡിനൊപ്പം തിരിച്ചറിയൽ രേഖ കൂടി കരുതണം. അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, പാസ്‌‌പോർട്ട്, ബാങ്ക് പാസ് ബുക്ക്, ആധാർ, പ്ലസ്ടു പരീക്ഷയുടെ ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, പ്ലസ്ടു പഠിച്ച സ്കൂളിന്റെ മേധാവി നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസർ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. ഹെൽപ്പ് ലൈൻ- 0471 2525300. പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാലിന് അവധിയാണ്.