ഇന്ത്യയ്ക്ക് പ്രിയം റഷ്യൻ എണ്ണ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യ ഒന്നാമത്

Friday 01 July 2022 12:32 AM IST

ന്യൂഡൽഹി: ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ക്രൂഡ് ഓയിൽ വിതരണക്കാരായി സ്ഥാനമുറപ്പിക്കാനൊരുങ്ങി റഷ്യ. ഇറാഖിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ജൂൺ മാസത്തിൽ റഷ്യ ഒന്നാമതെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ റഷ്യ മേൽക്കൈ നേടുന്നത്. സൗദി അറേബ്യയാണ് ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്കലിൽ മൂന്നാംസ്ഥാനത്ത്. യുക്രെയിനുമായുള്ള യുദ്ധം തുടരവെയാണ് റഷ്യ- ഇന്ത്യ എണ്ണവ്യാപാരത്തിലുള്ള വൻ കുതിച്ചു ചാട്ടം. മേയിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 7,38,000 ബാരലായിരുന്നത്, ജൂണിൽ 9,85,000 ബാരലായി ഉയർന്നു. ഇതിന്റെ 21 ശതമാനവും റഷ്യൻ എണ്ണയാണ്. മേയിലെ എണ്ണ ഇറക്കുമതിയിൽ ആകെയുള്ളതിന്റെ 16ശതമാനമായിരുന്നു റഷ്യയുടെ വിഹിതം. 2022 ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിൽ രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 5 ശതമാനത്തിൽ നിന്ന് 21 ശതമാനമായാണ് ഉയർന്നത്. അതേസമയം, ഇറാഖിൽനിന്നുള്ള എണ്ണ ഇറക്കുമതി 20ശതമാനം കുറയുകയുംചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2021ൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത് വെറും 12 ദശലക്ഷം ബാരൽ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമായിരുന്നു.

 ഉർവശീശാപം ഉപകാരമായി

യുക്രെയിൻ അധിനിവേശത്തിനു ശേഷം യൂറോപ്യൻ കമ്മീഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ റഷ്യ വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് രം​ഗത്തെത്തി. റഷ്യൻ എണ്ണയുടെ ഡിമാൻഡ് ഇടിഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി. ഈ സാഹചര്യം മുതലെടുത്ത് ബാരലിന് 30 ഡോളർ വരെ വിലക്കുറവിൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങി. ഉയർന്ന ചരക്കുചെലവ് കാരണം മുമ്പ് റഷ്യൻ എണ്ണ വളരെ കുറഞ്ഞ അളവിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

 21% ജൂണിലെ ആകെ എണ്ണ ഇറക്കുമതിയുടെ 21ശതമാനവും റഷ്യയിൽനിന്ന്

 16% മേയിലെ ആകെ എണ്ണ ഇറക്കുമതിയുടെ 16ശതമാനവും റഷ്യയിൽനിന്ന്

 5% ഏപ്രിലിലെ ആകെ എണ്ണ ഇറക്കുമതിയുടെ 5ശതമാനവും റഷ്യയിൽനിന്ന്