ഒരുദിവസം പുതിയ 10 ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്

Friday 01 July 2022 12:35 AM IST

കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പലസ്ഥലങ്ങളിലായി ഫെഡറൽ ബാങ്ക് പുതിയ 10 ശാഖകൾ തുറന്നു. തമിഴ്‌നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂർ, അഴഗുസേനൈ, കാൽപുദൂർ, സുപള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുർവാഡയിലും തെലങ്കാനയിലെ സംഗറെഡിയിലും ഗുജറാത്തിലെ മെഹ്‌സാനയിലുമാണ് പുതിയ ശാഖകൾ തുടങ്ങിയത്. ബാങ്കിന്റെ പ്രവർത്തനം രാജ്യത്തുടനീളം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകൾ തുറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായ ആസാദി കാ അമൃത് ഉത്സവിനോടനുബന്ധിച്ച്, ആഗസ്റ്റ് 15 ന് 15 പുതിയശാഖകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തുടർന്നുള്ള മാസങ്ങളിലും പുതിയശാഖകൾ തുടങ്ങുമെന്ന് ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ വി. നന്ദകുമാർ പറഞ്ഞു. 10 ശാഖകൾ കൂടി തുറന്നതോടെ ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 1291 ആയി.

Advertisement
Advertisement