സ്വർണത്തിന് ഇ-വേ ബിൽ പ്രായോഗികമല്ല: എ.കെ.ജി.എസ്.എം.എ

Friday 01 July 2022 12:39 AM IST

കൊച്ചി: സ്വർണവ്യാപാര, വ്യവസായ മേഖലയിൽ അനാവശ്യ ഇടപെടലുകൾ ക്ഷണിച്ചുവരുത്തുന്ന ഇ - വേ ബിൽ നടപ്പാക്കരുതെന്ന് കേരള ഗോൾ‌ഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ഭാരവാഹികൾ ആവശ്യപ്പെട്ടു.

രണ്ടുലക്ഷംരൂപ മൂല്യമുള്ള സ്വർണം കൈവശം വയ്ക്കുന്നതിനും കൊണ്ടുനടക്കുന്നതിനും ഇ-വേ ബിൽ വേണമെന്നാണ് പുതിയ വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല വലിയതോതിലുള്ള സാമൂഹ്യപ്രശ്നങ്ങൾക്കും ഇടയാക്കും. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും നിയമം ദോഷമാകും. ആഭരണനിർമ്മാണം പൂർത്തിയാകുന്നതിനുമുമ്പ് സ്വർണം നിരവധി ഫാക്ടറികളിലൂടെ കയറിയിറങ്ങുന്നുണ്ട്. നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇ- വേ ബിൽ നടപ്പാക്കാനാവില്ല. ആഭരണനിർമ്മാണത്തിന് ഫാക്ടറികളിലേക്കും തിരിച്ചു കടകളിലേയ്ക്കുമുള്ള സ്വർണത്തിന്റെ പ്രയാണ വിവരങ്ങൾ പുറത്തുപോകാൻ കാരണമാകും. വ്യാപാരികൾ പറഞ്ഞു. നിയമം അടിച്ചേൽപ്പിക്കരുതെന്നാണ് വ്യാപാരികളുടെ ആവശ്യം.

നിയമം നടപ്പിലാക്കുന്നതിനെതിരെ, അടുത്തദിവസം അങ്കമാലിയിൽ ചേരുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചെന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement