വീണ്ടും കൊവിഡ്, തിരുവല്ലയിൽ ജാഗ്രതാ മുന്നറിയിപ്പ്

Friday 01 July 2022 12:53 AM IST

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് ക്രമാതീതമായി വർദ്ധിക്കുന്ന തിരുവല്ല താലൂക്കിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. തിരുവല്ല നഗരം, ഇരവിപേരൂർ, ഒാതറ എന്നിവിടങ്ങളിലാണ് രോഗവ്യാപനം. ജില്ലയിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ച് ജനത്തിരക്ക് കൂടതലായതിനാലാണ് രോഗവ്യാപനത്തിന്റെ തോത് ഇവിടെ ഉയർന്നത്. കൊവിഡിന്റെ ആരംഭഘട്ടത്തിലും തിരുവല്ലയിലായിരുന്നു വ്യാപനം ഏറെയുണ്ടായത്. ജില്ലയിൽ ഒരു ദിവസം മുന്നൂറ് പേരിൽ കുറയാതെ രോഗം ബാധിക്കുന്നുണ്ട്. ഇതിന്റെ മുപ്പത് ശതമാനത്തോളം തിരുവല്ലയിലാണ്.

ലോക്ക് ഡൗൺ അവസാനിച്ച സമയത്ത് ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനും നാൽപ്പതിനുമിടയിലായിരുന്നു.

സ്കൂൾ തുറന്നതോടെ കുട്ടികളിൽ രോഗ വ്യാപനമുണ്ടാകുമെന്ന് ആശങ്ക ഉയർന്നിരുന്നു. എന്നാൽ, പ്രതീക്ഷിച്ച തോതിൽ കുട്ടികളിൽ രോഗം ബാധിച്ചില്ല.

രോഗലക്ഷണമുള്ളവരുടെ പരിശോധനകളിലും വിവരശേഖരണത്തിലും മുൻപത്തേപ്പോലെ ജാഗ്രത ഇപ്പോഴില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ ഇന്നലെ ആകെ രോഗബാധിതരായി 1612 പേർ ഉണ്ടായിരുന്നു.

കരുതൽ ഡോസ് എടുത്തത് 42 ശതമാനം

ജില്ലയിൽ 60 വയസിനു മുകളിലുള്ള 42 ശതമാനം പേർ മാത്രമേ കരുതൽ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂ. രണ്ടാമത്തെ ഡോസ് എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്ക് കരുതൽ ഡോസ് എടുക്കാം. 60 വയസിനു മുകളിൽ ഉള്ളവർക്കുള്ള കരുതൽ ഡോസ് വാക്‌സിനേഷൻ (കൊവിഷീൽഡ്) എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ലഭിക്കും. 18 മുതൽ 59 വയസ്സ് വരെയുളളവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കാം.

ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, പുഷ്പഗിരി മെഡിക്കൽ കോളേജ്, മൗണ്ട് സിനായി ഹോസ്പിറ്റൽ പറന്തൽ, ലൈഫ് ലൈൻ ഹോസ്പിറ്റൽ അടൂർ എന്നീ സ്വകാര്യ ആശുപത്രകളിൽ കൊവിഡ് വാക്‌സിൻ ലഭ്യമാണ്.

കുട്ടികളിൽ വാക്സിനേഷന് വേഗതയില്ല

ജില്ലയിൽ 15 മുതൽ 17 വയസ് വരെയുള്ള 66.86 ശതമാനം പേരും 12 മുതൽ 14 വയസ് വരെയുള്ള 60.74 ശതമാനം പേരുമാണ് സെക്കൻഡ് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തിട്ടുള്ളത്. 15 മുതൽ 17 വയസ് വരെയുള്ളവർക്കുള്ള കോ വാക്‌സിൻ വ്യാഴാഴ്ച ദിവസങ്ങളിലും 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന കോർബെ വാക്‌സ് ശനിയാഴ്ച ദിവസങ്ങളിലും ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.

ജില്ലയിലെ രോഗബാധിതർ : 1612,

ഒരു ദിവസം 300 പേരിലേക്ക് കൊവിഡ് പകരുന്നു

'' ജില്ലയിൽ ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇനിയും വാക്‌സിൻ എടുക്കാത്തവരും കരുതൽ ഡോസ് വാക്‌സിന് അർഹരായവരും വാക്‌സിൻ സ്വീകരിക്കണം.

ഡോ. എൽ. അനിതാ കുമാരി, ജില്ലാ മെഡിക്കൽ ആഫീസർ

Advertisement
Advertisement