ഇങ്ങേര് ടിക്കറ്റ് കൊടുക്കുന്ന വേഗത്തിൽ ട്രെയിന് പോലും ഓടി എത്തില്ല, വീഡിയോ കണ്ടു നോക്കൂ

Friday 01 July 2022 10:56 AM IST

ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാരുടെ വീഡിയോ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ട്രാക്കിലകപ്പെട്ടുപോയവരെ രക്ഷിക്കുന്നതുൾപ്പെടെയുള്ള പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ടിക്കറ്റ് വിതരണം ചെയ്യുന്ന ഒരു റെയിൽവേ ജീവനക്കാരനാണ് വീഡിയോയിൽ. മിന്നൽ വേഗത്തിലാണ് അദ്ദേഹം യാത്രക്കാരിൽ നിന്ന് പണം വാങ്ങുന്നതും ടിക്കറ്റ് നൽകുന്നതും. 15 സെക്കന്റിനുള്ളിൽ മൂന്ന് യാത്രക്കാർക്ക് ടിക്കറ്റ് നൽകി അതിന്റെ പണവും വാങ്ങുന്നത് വീഡിയോയിൽ കാണാം.

ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിംഗ് മെഷീനിൽ നിന്ന് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്ന ഒരു ജീവനക്കാരനെയാണ് വീഡിയോയിൽ കാണുന്നത്. ഒരാളോട് എങ്ങോട്ടേയ്ക്കുള്ള ടിക്കറ്റാണ് വേണ്ടതെന്ന് ചോദിക്കുന്നു, മറ്റൊരാൾക്ക് ടിക്കറ്റ് നൽകുന്നു അതേ സമയം തന്നെ നേരത്തേ ടിക്കറ്റ് നൽകിയ ആളിൽ നിന്ന് പണവും വാങ്ങുന്നു. യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുംബയ് റെയിൽവേ യൂസേഴ്സ് എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എല്ലാ സർക്കാ‌ർ ഓഫീസിലും ഇതുപോലുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിൽ, ഇതുപോലുള്ള ജീവനക്കാരുണ്ടായിരുന്നെങ്കിൽ സർക്കാർ ഓഫീസുകൾ എന്നേ രക്ഷപ്പെട്ടേനെ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

ട്രാക്കിൽ വീണുകിടന്നിരുന്നയാളെ രക്ഷിച്ച റെയിൽവേ ജീവനക്കാരന്റെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ ട്രെയിനിനടിയൂടെ ഇഴഞ്ഞുപോയി വായു ചോർച്ച പരിഹരിച്ച ലോക്കോ പൈലറ്റിന്റെ മാതൃകാപരമായ പ്രവൃത്തിയും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.