പൂന്തോട്ടത്തിൽ കണ്ടത്  കെട്ടുകഥകളിൽ മാത്രം കേട്ടിട്ടുള്ള ഇരട്ടത്തലയൻ പാമ്പ്, അപൂർവമായ ഇരുതല പാമ്പുകൾ പ്രത്യക്ഷപ്പെടുന്നതിന് ഒരു കാരണമുണ്ട് 

Friday 01 July 2022 3:06 PM IST

വിഷം തുപ്പുന്ന ഇരട്ട തലയുള്ള പാമ്പ്, കുട്ടിക്കാലത്ത് കേട്ടിട്ടുള്ള ഭയപ്പെടുത്തുന്ന കഥകളിൽ ഒരിക്കലെങ്കിലും ഇരട്ട ത്തലയൻ പാമ്പിനെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ ദക്ഷിണാഫ്രിക്കയിൽ അപൂർവ ഇരുതല പാമ്പിനെ കണ്ടെത്തി. പാമ്പുകളെ രക്ഷപ്പെടുത്തി അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുന്ന നിക്ക് ഇവാൻസാണ് രണ്ട് തലയുള്ള പാമ്പിനെ കുറിച്ചുള്ള വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രണ്ട് തലകളുള്ള സതേൺ ബ്രൗൺ എഗ് ഈറ്ററിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ തോട്ടത്തിൽ വച്ചാണ് നിക്ക് ഇരട്ടതലയൻ പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പിനെ പിടിച്ച് സംരക്ഷിക്കുകയായിരുന്നു. ഡർബന്റെ വടക്ക് പട്ടണമായ എൻഡ്‌വെഡ്‌വെയിലാണ് നിക്ക് ഇവാൻസ് താമസിക്കുന്നത്.

പൂർണവളർച്ചയെത്താത്ത പാമ്പിന്റെ തലകൾ ചിലപ്പോൾ വിപരീത ദിശയിൽ സഞ്ചരിക്കാൻ ശ്രമിക്കും, ചിലപ്പോൾ ഒരേ ദിശയിൽ നീങ്ങും. എന്നാൽ രണ്ട് തലകൾ ശരീരത്തിന് നിർദ്ദേശങ്ങൾ നൽകുന്നതിനാൽ വേഗത കുറച്ച് മാത്രമേ നീങ്ങാൻ കഴിയുന്നുള്ളു. ഇപ്പോൾ നിക്കിന്റെ സുരക്ഷിതത്വത്തിലാണ് പാമ്പുള്ളത്. പ്രകൃതിയിൽ അധിക നാൾ ഇത്തരം പാമ്പുകൾ ജീവിക്കാൻ സാദ്ധ്യത കുറവാണെന്ന് അദ്ദേഹം പറയുന്നു. ചലനവേഗം കുറഞ്ഞതിനാൽ പാമ്പിനെ ഇരയാക്കുന്ന ജീവികൾക്ക് അതിവേഗം ഇതിനെ കീഴ്‌പ്പെടുത്താനാവും.

രണ്ടോ അതിലധികമോ തലകളുമായി ജനിക്കുന്ന മൃഗങ്ങളുടെ അവസ്ഥയെ പോളിസെഫാലി എന്നാണ് വിളിക്കുന്നത്. ഇത് സസ്തനികളേക്കാൾ ഉരഗങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇത്തരം ജീവികൾക്ക് ആയുസ് വളരെ കുറവാണ്. ഭ്രൂണങ്ങളുണ്ടാകുമ്പോഴുള്ള അപാകതകളാണ് ഇത്തരം ജീവികളുടെ ജനനത്തിന് കാരണമാവുന്നത്.