കഴിഞ്ഞ വർഷത്തെ എ പ്ലസുകൾ തമാശയായിരുന്നു; ഇത്തവണയാണ് നിലവാരം വീണ്ടെടുത്തത്; വിവാദ പരാമർശവുമായി മന്ത്രി വി ശിവൻകുട്ടി

Friday 01 July 2022 6:08 PM IST

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി ഫലം വലിയ തമാശയുണ്ടാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1,​25,​508 പേർക്കാണ് കഴിഞ്ഞ തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് കിട്ടിയത്. ഇത് ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. എന്നാൽ,​ ഈ വർഷം ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചുവെന്നും എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

ഈ വർഷം 44 363 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിലൊന്നായിട്ട് എണ്ണം കുറഞ്ഞിരുന്നു.

സംസ്ഥാനത്തെ 15000 വിദ്യാലയങ്ങളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്കൂൾ വിക്കി പോർട്ടലിൽ മികച്ച പേജുകൾ ഉൾപ്പെടുത്തിയ സ്കൂളുകൾക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് മന്ത്രി നിർവഹിച്ചത്.

കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് കരിപ്പൂർ എന്നീ സ്കൂളുകള്‍ക്കാണ് സംസ്ഥാനതലത്തില്‍ യഥാക്രമം ഒന്ന്,​ രണ്ട്,​ മൂന്ന് സ്ഥാനം ലഭിച്ചിരിക്കുന്നത്.

Advertisement
Advertisement